ആഞ്ഞുവീശി കൊടുങ്കാറ്റ്, വ്യാപകനാശം..... പത്തുമിനിറ്റ് കോട്ടയം വിറച്ചു
കോട്ടയം : പത്ത് മിനിറ്റേ വീശിയുള്ളൂ , പക്ഷേ, ജില്ലയിലെമ്പാടും ഒരുപോലെ വിറപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ മഴയ്ക്കൊപ്പമുണ്ടായ കൊടുങ്കാറ്റിൽ വ്യാപക നാശമാണുണ്ടായത്. മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും സർക്കാർ ഓഫീസുകൾക്കും നാശനഷ്ടങ്ങളുണ്ട്. നിരവധിയിടങ്ങളിൽ പോസ്റ്റുകൾ തകർന്ന് വൈദ്യുതിബന്ധം തകരാറിലായി. സോളാർ പാനലകുളടക്കം പറന്നുപോയി. റോഡുകൾക്ക് കുറുകെ മരം വീണ് ഗതാഗതം താറുമാറായി. കോട്ടയം, വൈക്കം, മീനച്ചിൽ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് കാറ്റ് താണ്ഡവമാടിത്. പാലായിൽ വാഹനങ്ങൾക്ക് മുകളിലേയ്ക്ക് മരംവീണെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാകത്താനത്ത് കാറിന് മുകളിലും ചേർപ്പുങ്കലിൽ ഓട്ടോയ്ക്ക് മുകളിലും മരം വീണു.
പനച്ചിക്കാട് പഞ്ചായത്ത് ഓഫീസിനു മുകളിൽ സ്ഥാപിച്ചിരുന്ന ഏഴു സോളാർ പാനലുകൾ പറന്നു കൃഷി ഭവന്റെ മുകളിൽ വീണു. കെട്ടിടത്തിനു സീലിംഗുണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പനച്ചിക്കാട് സായിപ്പു കവലയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. കോട്ടയം - കുമരകം റോഡിൽ ചൂള പുത്തൻതോടിനു സമീപം തണൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈൻ പൊട്ടിവീണതിനെത്തുടർന്നു അയ്മനം സെക്ഷന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസവുമുണ്ടായി. കോട്ടയം സി.എം.എസ് കോളേജ് റോഡിൽ കൂറ്റൻ തണൽ മരം വീണു. നെടുംകുന്നം പഞ്ചായത്തിന് സമീപവും, തോട്ടയ്ക്കാട് അമ്പലക്കവലയിലും, പാമ്പാടി കൂരോപ്പട ചെന്നാമറ്റം വട്ടുകുളം റോഡിലും,
പരുത്തുംപാറ പന്നിമറ്റം റോഡിൽ സായിപ്പു കവലയിലും മരം വീണു. പാത്താമുട്ടത്ത് പാമ്പൂരാംപാറയിൽ പി.ഐ. ബിജുവിന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് കാറ്റിൽ പറന്നു പോയി.ബിജുവിന്റെ മകൾ ബിയാ വീട്ടിലുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടു. പരുത്തുംപാറ സദനം കവലയിൽ കുളങ്ങര ബാബു പോളിന്റെ വീടിനു മുകളിലേക്കു തേക്കു മരം വീണു. എസ്.എച്ച് മൗണ്ടിൽ നടുവിലത്ത് മോനച്ചന്റേയും ആറുമാനൂരിൽ വല്യാത്തൈ രാജുവിന്റെ വീടും തകർന്നവയിൽപ്പെടുന്നു.
കുറവിലങ്ങാട് - കല്ലറ റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കുറുപ്പുന്തറ - തോട്ടുവാ റോഡിൽ സെന്റ് ജോൺസ് ഹൈസ്‌കൂളിന് മുന്നിൽ തേക്കുമരം ഒടിഞ്ഞ് ഇലക്ട്രിക് ലൈനിന് മുകളിൽ വീണു. കാപ്പുന്തല, തോട്ടുവ, കുറവിലങ്ങാട്, കടുത്തുരുത്തി മേഖലകളിലും മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം നിലച്ചു. കുര്യം - മടയകുന്ന് റോഡിൽ നിരവധി തേക്കുമരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണു.