റെയിൽവേയുടെ ഇരുമ്പ് പാളം കടത്തൽ: രണ്ടുപേർ റിമാൻഡിൽ
കൊച്ചി: റെയിൽവേയുടെ പഴയ ഇരുമ്പുപാളങ്ങൾ മോഷ്ടിച്ചു കടത്തിയ നാലംഗ സംഘത്തിലെ രണ്ട് അന്യസംസ്ഥാനക്കാരെ കോടതി റിമാൻഡ് ചെയ്തു. പശ്ചിമബംഗാൾ കൊൽക്കത്ത സ്വദേശി ഹൊസൈൻ ജാമാദർ (28), മൂർഷിദാബാദ് സ്വദേശി ഇക്ബാൽ ഷേഖ് (33) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മലയാളികളായ ആലുവ മുപ്പത്തടം സ്വദേശി ആൽത്താഫ് കെ. ആഷ്റഫ്, ആക്രിവ്യാപാരിയായ കരിമുകൾ സ്വദേശി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഹൊസൈൻ നേരത്തെയും മോഷണക്കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. കളമശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇളക്കിയിട്ടിരുന്ന പാളങ്ങൾ കടത്തിക്കൊണ്ടുപോയത്.
കുപ്പിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനാണ് ഹൊസൈൻ. രാവിലെ ജോലിക്കിടയിൽ കണ്ടുവയ്ക്കുന്ന സാധനങ്ങളും മറ്റും രാത്രി ഇക്ബാൽ ഷേഖിന്റെയും അൽത്താഫിന്റെയും സഹായത്തോടെ കടത്തുകയാണ് ചെയ്യുന്നത്. അത്താഫിന്റെ വാഹനത്തിലെത്തിയായിരുന്നു മോഷണം.
പരിസരത്തെ സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സാധനങ്ങൾ അമ്പലമുകൾ ഭാഗത്തെ ആക്രിക്കടയിൽ വിറ്റതായി പ്രതികൾ മൊഴി നൽകിയതിനെ തുടർന്ന് ആർ.പി.എഫ് സംഘം ഇവിടെയെത്തി സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. അങ്കമാലിയിലെ കമ്പനി പൊളിച്ചപ്പോൾ ലഭിച്ച വസ്തുക്കളെന്ന് വിശ്വസിപ്പിച്ചാണ് റെയിൽപാളത്തിന്റെ കഷണങ്ങൾ വിറ്റത്.