ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ പൃഥ്വിയും നിവിൻ പോളിയും

Saturday 26 July 2025 6:42 AM IST

ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും നിവിൻ പോളിയും. ആദ്യം പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷം അവസാനമാണ് നിവിൻ പോളി ചിത്രം ആരംഭിക്കുക. വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിക്കുശേഷം ബി. ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കും. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ദ ത്രില്ലർ എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.നിവിൻ പോളി ഇതാദ്യമായാണ് ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ. അതേസമയം എസ്.എസ്. രാജമൗലി - മഹേഷ് ബാബു ചിത്രത്തിൽ അഭിനയിക്കുകയാണ് പൃഥ്വി. തുടർന്ന് ആഗസ്റ്റ് 6ന് ലണ്ടനിൽ ചിത്രീകരണം ആരംഭിക്കുന്ന വൈശാഖ് ചിത്രം ഖലീഫയിൽ ജോയിൻ ചെയ്യും.

കുറച്ചുദിവസത്തെ ചിത്രീകരണത്തിനുശേഷം ഖലീഫ ഷെഡ്യൂൾ ബ്രേക്കാകും. 15 വർഷത്തിനുശേഷം വൈശാഖും പൃഥ്വിയും ഒരുമിക്കുകയാണ്. തുടർന്ന് നോബഡിയുടെ തുടർ ചിത്രീകരണത്തിൽ പങ്കെടുക്കും. നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡിക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്.

നോബഡി പൂർത്തിയാക്കിയശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിയിൽ പൃഥ്വിരാജ് അഭിനയിക്കും. 90 ദിവസത്തെ ചിത്രീകരണമുണ്ട് സന്തോഷ് ട്രോഫിക്ക്. മാവേലിക്കരയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഗുരുവായൂരമ്പലനടയിൽ എന്ന ബ്ളോക്ബസ്റ്റർ ചിത്രത്തിനുശേഷം പൃഥ്വിയും വിപിൻദാസും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് സന്തോഷ്ട്രോഫി നിർമ്മിക്കുന്നത്.

ഹിറ്റ് കോംബോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 2022 ൽറിലീസ് ചെയ്ത ഗോൾഡ് ആണ് ഇൗ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം.