പ്രദീപ് രംഗനാഥന്റെ ഡ്യൂഡ്, അതിഥി വേഷത്തിൽ ശിവകാർത്തികേയൻ
പ്രദീപ് രംഗനാഥൻ നായകനായി നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ഡ്യൂഡ് എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ എക്സന്റഡ് കാമിയോ റോളിൽ എത്തുന്നു. എന്നാൽ വിവരം അണിയറ പ്രവർത്തകർ രഹസ്യമാക്കിയിരിക്കുകയാണ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ എന്നിവരാണ് നായികമാർ. ഹൃദു ഹാറൂൺ, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ ചിത്രങ്ങളിൽ സുധ കൊങ്കരയോടൊപ്പം കീർത്തിശ്വരൻ പ്രവർത്തിച്ചിട്ടുണ്ട്. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഡ്യൂഡ് നിർമിക്കുന്നത്.
'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സംഗീതം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും. അതേസമയം, പ്രദീപ് രംഗനാഥന്റേതായി ഒടുവിൽ റിലീസ് ചെയ്ത ഡ്രാഗൺ വമ്പൻ വിജയമാണ് തിയേറ്ററിൽ നേടിയത്.