രണ്ടാം വരവിൽ അബ്ബാസിന് വില്ലൻ വേഷം

Saturday 26 July 2025 6:49 AM IST

ജി.വി. പ്രകാശിന്

നായിക ശ്രീഗൗരിപ്രിയ

ജി.വി. പ്രകാശ്, ശ്രീഗൗരിപ്രിയ എന്നിവരെ നായകനും നായികയുമാക്കി നവാഗതനായ മരിയരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അബ്ബാസ് പ്രതിനായകൻ. പന്ത്രണ്ടുവർഷത്തിനുശേഷം അബ്ബാസ് അഭിനയരംഗത്തേക്കു മടങ്ങിവരികയാണ്.

ശക്തമായ പ്രതിനായക വേഷമാണ് അബ്ബാസിന്. ഏറെനാളായി രണ്ടാം വരവിന് ഒരുങ്ങുകയായിരുന്നു. 2015ൽ അഭിനയം ഉപേക്ഷിച്ചു വിദേശത്തേക്കു പോയ അബ്ബാസ് പെട്രോൾ പമ്പിൽ മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലിചെയ്തു. ആ സമയത്തും അഭിനയം അബ്ബാസ് ഉപേക്ഷിച്ചിട്ടില്ലായിരുന്നു. 'കാതൽദേശം" എന്ന ആദ്യ ചിത്രം അബ്ബാസിന്റെ കരിയർ മാറ്റിവരയ്ക്കുമ്പോൾ 19 വയസായിരുന്നു. പിന്നീട് അബ്ബാസിന്റെ സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 'ഹാർപിക് നടൻ" എന്ന പരിഹാസവും കേട്ടു. തമിഴിൽ പടയപ്പ, ആനന്ദം, മലയാളത്തിൽ കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ്, ഗ്രീറ്റിംഗ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം ബോറടിച്ചുതുടങ്ങിയതോടെയാണ് വിദേശത്തേക്ക് പോകാൻ തീരുമാനിക്കുന്നത്. ന്യൂസിലൻഡിൽ കസ്റ്റമർ ഓഫീസിലായിരുന്നു ജോലി.