ആത്മാരാമന്റെ സീതാകഥ
ദേശം, ഭാഷ, മതം, ജാതി തുടങ്ങി എല്ലാ വ്യത്യസ്തതകളെയും വിസ്മയകരമാം വിധം വിസ്മരിപ്പിച്ച് രാമകഥ തലമുറകളെ വശീകരിച്ചുപോരുന്നു. വാത്മീകി എന്ന ആദികവി അതിശയകരമാം വിധം നമ്മെ സ്വാധീനിക്കുന്നു.
അധികാരത്തെ വിട്ടുവീഴ്ചയില്ലാതെ ചോദ്യം ചെയ്യുന്ന നീതിബോധത്തിന്റെ രാഷ്ട്രീയവുമായി നിർഭയനായി സ്വന്തം രചനയിൽ നിന്ന് ആവിർഭാവം കൊള്ളുന്നു, ആദികവി. പ്രജാപക്ഷത്തു നിന്ന് രാജാവിനെയും, സ്ത്രീപക്ഷത്തു നിന്ന് പുരുഷനെയും, ഭാര്യയുടെ പക്ഷത്തു നിന്ന് ഭർത്താവിനെയും വിചാരണ ചെയ്യുന്നു, രാമായണം എന്ന ഇതിഹാസ കാവ്യം.
സീതയ്ക്കു വേണ്ടിയാണ് രാമായണം രചിക്കപ്പെട്ടത്. ഭാരതീയർക്ക് മറ്റൊരു വേദം തന്നെയാണ് രാമായണം. ഈ മഹാധർമ്മഗാഥ ധർമ്മമൂലമായ വേദത്തിൽ നിന്ന് ഉടലെടുത്തു എന്നാണ് വിശ്വസിക്കപ്പെട്ടു പോരുന്നത്. വാത്മീകി രാമായണം രാമനെ ആദർശവാനായ ഉത്തമ പുരുഷനായി വർണിക്കുമ്പോൾ അദ്ധ്യാത്മ രാമായണം മനുഷ്യനെ ഈശ്വരനാക്കി ഉയർത്തുന്നു. വാൽമീകിയുടെ രാമൻ ഉത്തമപുരുഷനും സത്യവാനും ദൃഢവ്രതനുമാണെങ്കിലും സഹജമായ വീഴ്ചകൾ ഉള്ള പുരുഷൻ തന്നെയാണ്.
ഭൂമിയിൽ പർവതങ്ങളും പുഴകളും നിലനിൽക്കുന്ന കാലത്തോളം രാമായണം ഭൂലോകം മുഴുവൻ പ്രചരിച്ചു കൊണ്ടിരിക്കും. ആദികവിയോട് ബ്രഹ്മാവ് പ്രവചിച്ചത് ഇങ്ങനെയാണ്- രാമായണത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ശോക, താപങ്ങൾ നിറഞ്ഞ, ദുഃഖഭരിതമായ മനുഷ്യ ജീവിതത്തിന്റെ നേർച്ചിത്രങ്ങളാണ്. ദുരന്തങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുന്നു, ഈ ഇതിഹാസ കാവ്യത്തിലെ കഥാപാത്രങ്ങൾ. വെളിച്ചത്തിന്റെ അവസാനബിന്ദുവും നഷ്ടമായി എന്ന തോന്നൽ ഉണ്ടാകുമ്പോഴും ജീവിതം മുഴുവൻ അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവനാകുന്നു അവൻ.
രാമൻ സ്വജീവിതത്തെ അങ്ങനെ അനുഭവിച്ചു തീർത്തു. ഇത്രയേറെ യാദൃച്ഛികതകൾ നിറഞ്ഞ ജീവിതം രാമന്റേതല്ലാതെ മറ്റൊന്ന് കാണാനാകില്ല. സീതാസ്വയംവരം മുതൽ രാമായണത്തിലെ ഓരോ സംഭവവും യാദൃച്ഛികതകളാണ്. ധർമ്മബോധത്തെയും സദാചാര മൂല്യത്തെയും എപ്പോഴും ഉയർത്തിപ്പിടിക്കുന്നു, രാമായണം.
ഉദാഹരണത്തിന്, 'രാമം ദശരഥം വിദ്ധി/ മാം വിദ്ധി ജനകാത്മജാം/ അയോദ്ധ്യാമടവിം വിദ്ധി/ ഗച്ഛ താത യഥാസുഖം."
വനയാത്രയ്ക്ക് പുറപ്പെടുന്ന രാമനെയും സീതയേയും അനുഗമിക്കുന്നു, ലക്ഷമണൻ. പുത്രനായ ലക്ഷ്മണന് മാതാവ് സുമിത്ര നൽകുന്ന ഉപദേശമാണ് ഇത്- 'ജ്യേഷ്ഠനായ രാമനെ അച്ഛൻ ദശരഥനായി കാണണം, ജനകജയായ സീതയെ മാതാവായി കാണണം. കാനനത്തെ സ്വരാജ്യമായ അയോദ്ധ്യയായി കാണണം. പുത്രാ, നീ സുഖമായി പോയ് വരിക!" ഇതുപോലെ എത്രയെത്ര സന്ദർഭങ്ങൾ.
രാമായണ പാരായണം നമ്മുടെ തത്വാർത്ഥ ബോധത്തേയും, ആസ്തിക്യ ചിന്തയേയും മനോജീവിതത്തേയും ബലിഷ്ഠമാക്കുന്നു. വാക്കിന്റെ തീർത്ഥം മഴയായി പെയ്യുന്ന ഈ രാമായണ മാസത്തിൽ മന:ശുദ്ധിക്കും മന:ശക്തിക്കും കർമ്മശുദ്ധിക്കും ആത്മവ്യാപ്തിക്കുമുള്ള മഹൗഷധ സേവയായി, പ്രപഞ്ച പ്രകൃതിയോടുള്ള പ്രേമസന്തർപ്പണമായി രാമായണ പാരായണം പരിണമിക്കട്ടെ. ശ്രീശങ്കരൻ ദർശിച്ചതുപോലെ, ആത്മശാന്തിയുടെ സീതയില്ലാതെ ആരും ആത്മാരാമനാവില്ല. ആത്മശാന്തി തന്നെയാണ് ലോകശാന്തി.