ജോർജ് കോരയുടെ ജാമ്പി നിവിൻ പോളി
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ജോർജ് കോര സംവിധാനം ചെയ്യുന്ന ജാമ്പി എന്ന മലയാളത്തിലെ ആദ്യ സോംബി ചിത്രത്തിൽ നായകനാവാൻ നിവിൻ പോളി .
ത്രില്ലും ഭയവും ഒരുപോലെ ഇടകലർത്തി ചിത്രത്തിന്റെ ടീസർ നേരത്തേ അണിയറ പ്രവർത്തകർ പുറത്തിറക്കിയെങ്കിലും നായകനെ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അടുത്തവർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ദ അൺഡെഡ് ഹാവ് എ സ്റ്റോറി ടു ടെൽ എന്നാണ് ടാഗ് ലൈൻ. നന്ദു മനോജ്, ഹരികൃഷ്ണൻ കെ.ആർ, ജോർജ് കോര എന്നിവർ ചേർന്നാണ് രചന. തിരികെ തോൽവി എഫ്.സി എന്നീ ചിത്രങ്ങൾ ജോർജ് കോര സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേമം സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
അതേസമയം നിരവധി പ്രോജക്ടുകളാണ് നിവിൻപോളിയെ കാത്തിരിക്കുന്നത്. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച സർവ്വം മായ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ക്രിസ്മസ് റിലീസായി സർവ്വം മായ തിയേറ്ററിൽ എത്തും. തെന്നിന്ത്യൻ താരം പ്രീതി മുകുന്ദൻ ആണ് നായിക. ഇടവേളയ്ക്കുശേഷം നിവിൻ-അജു കോമ്പോ സർവ്വം മായയിൽ ഒരുമിക്കുന്നു. ജനാർദ്ദനൻ, രഘുനാഥ് പലേരി, അൽത്താഫ് സലിം, മധു വാര്യർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രേമലുവിനുശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന നിവിൻ ചിത്രം. മമിത ബൈജു ആണ് നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാംപുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.