ഇന്ത്യ- യു.കെ വ്യാപാര കരാർ
ഇന്ത്യയും യു.കെയും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങളുടെയും ബിസിനസ് രംഗത്ത് ഒട്ടേറെ പ്രതീക്ഷകൾക്ക് വകനൽകുന്നതാണ്. അമേരിക്ക തീരുവയുദ്ധം പ്രഖ്യാപിച്ച് മുന്നേറുന്നതിനിടെ തീരുവകൾക്കെതിരായ സന്ദേശം നൽകുന്നു എന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയിൽ നിന്നുള്ള കാപ്പി, തേയില, ചെരുപ്പ്, രത്‌നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ, സമുദ്രോത്‌പന്നങ്ങൾ, സുഗന്ധവ്യഞ്ജനം എന്നിവയ്ക്ക് ബ്രിട്ടനിൽ പൂർണമായും നികുതി ഒഴിവാകും. അങ്ങനെ സംഭവിക്കുമ്പോൾ ഇത്തരം സാധനങ്ങളുടെ വില്പനവില കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുമെന്നതിനാൽ കയറ്റുമതിയിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കാം. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ബ്രിട്ടീഷ് ഉത്‌പന്നങ്ങളുടെയും തീരുവ കുറയ്ക്കാൻ കരാറിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഉത്‌പന്നങ്ങളുടെ ഇന്ത്യയിലെ ശരാശരി തീരുവ, കരാറിനു മുമ്പ് 15 ശതമാനമായിരുന്നു. ഇനി ഇത് മൂന്ന് ശതമാനമായി കുറയും.
ബ്രിട്ടീഷ് നിർമ്മിത ആഡംബര വാഹനങ്ങളുടെ വില്പനവില ഇന്ത്യയിൽ കാര്യമായി കുറയാൻ ഇടയാക്കുന്നതാണ് ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചത്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ വിറ്റുപോകുന്ന ഒരു വിപണിയായി ഇന്ത്യ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കെ ഇന്ത്യയിൽ നിന്ന് മികച്ച വരുമാനം ബ്രിട്ടന് ലഭിക്കാൻ വഴിയൊരുക്കുന്നതാണ് ഇത്. ബ്രിട്ടീഷ് നിർമ്മിത കാറുകളുടെ തീരുവ ഗണ്യമായി കുറച്ചതിനു പകരമായി ഇന്ത്യയുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന നിർമ്മാതാക്കൾക്ക് ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം ലഭിക്കുന്നതാണ്. ഇതാകട്ടെ ഇതുമായി ബന്ധപ്പെട്ട മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ഇടയാക്കുന്നതാണ്. ബ്രിട്ടനിൽ തൊഴിൽ തേടുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കുന്നതാണ് പുതിയ കരാർ. പ്രതിവർഷം 60,000 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ ജോലി ലഭിക്കാൻ ഇതിടയാക്കും.
ബ്രിട്ടനിലേക്ക് ഇന്ത്യയിൽ നിന്ന് സമുദ്രോത്‌പന്നങ്ങളും സുഗന്ധദ്രവ്യങ്ങളും കയറ്റി അയയ്ക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളമെന്നതിനാൽ ഈ കരാർ നമ്മുടെ സംസ്ഥാനത്തിനും ഭാവിയിൽ ഏറെ പ്രയോജനം ചെയ്യുന്നതാകും. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതിനാൽ കരാർ പൂർണതോതിൽ പ്രാബല്യത്തിൽ വരാൻ ഒരുവർഷത്തോളമാവും. ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.കെ. പ്രധാനമന്ത്രി കിയർ സ്റ്റാമറുടെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും യു.കെ. ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സുമാണ് കരാറിൽ ഒപ്പിട്ടത്. ഈ കരാറിന്റെ ഭാഗമായി ഏതാണ്ട് 99 ശതമാനം ഇന്ത്യൻ ഉത്‌പന്നങ്ങളും ഡ്യൂട്ടി ഫ്രീയായാണ് ബ്രിട്ടനിൽ എത്തുക. അതുപോലെ 90 ശതമാനം ബ്രിട്ടീഷ് ഉത്‌പന്നങ്ങൾക്ക് ഇന്ത്യയിലും നികുതി കുറയും.
ഇന്ത്യയിലെ കർഷകരുടെ താത്‌പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ക്ഷീരോത്‌പന്നങ്ങൾ, ആപ്പിൾ, ഓട്സ്, ഭക്ഷ്യഎണ്ണ എന്നിവയെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. കരാറിന്റെ ഭാഗമായി ആറ് ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസ് തുറക്കും. പഠനത്തിനായി ബ്രിട്ടനിലേക്കും മറ്റും പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കെ ഇത്തരം സർവകലാശാലകളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ തുറക്കുന്നത് പഠന ചെലവിനത്തിൽ ഒട്ടേറെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്നതാണ്. മൂന്നുവർഷത്തേക്ക് വരെ യു.കെയിലെത്തുന്ന ഇന്ത്യക്കാരായ തൊഴിലാളികൾക്കും കരാർ ജീവനക്കാർക്കും സാമൂഹിക സുരക്ഷാ സംഭാവന നൽകുന്നതിൽ ഇളവ് നൽകുമെന്ന പ്രഖ്യാപനവും അത്യധികം സ്വാഗതാർഹമാണ്. കരാർ പ്രകാരം കേരളത്തിൽ നിന്നുള്ള കള്ളിനു പോലും ബ്രിട്ടീഷ് വിപണിയിൽ സാദ്ധ്യതയേറാൻ ഇടയുണ്ട്. ഇന്ത്യയിലെ യുവാക്കൾ, കർഷകർ, ചെറുകിട കച്ചവടക്കാർ, മത്സ്യമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർക്ക് പ്രയോജനം ചെയ്യുന്നതാണ് കരാറെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടത് ഇനിയുള്ള നാളുകളിൽ തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.