പിന്നാക്കക്കാരുടെ അവകാശം തട്ടിയെടുക്കുന്നത് ആര് ?
സർക്കാർ നിയമങ്ങളിൽ കഴിഞ്ഞ അറുപത്തിയേഴു വർഷമായി 1958-ലെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ അപാകത മൂലം ആയിരക്കണക്കിന് തസ്തികകൾ അധഃസ്ഥിതർക്കും, പിന്നാക്ക ഹിന്ദുക്കൾക്കും,പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിനും, മുസ്ലീം മതവിഭാഗത്തിനും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ 2009-ലെ ജഡ്ജ്മെന്റിൽ, റൂളിലെ അപാകത പരിഹരിക്കുന്നതിനുള്ള ഭേദഗതി നടപ്പാക്കാനുള്ള അധികാരം നിയമസഭയ്ക്കാണെന്ന് ഉത്തരവായിട്ടുണ്ട്. നിയമസഭയിൽ ഭേദഗതി കൊണ്ടുവരാനുള്ള അവകാശം സർക്കാരിനാണല്ലോ. സംസ്ഥാന സർക്കാർ കക്ഷിയായ ഈ കേസിൽ അനന്തര നടപടി സർക്കാർ സ്വീകരിക്കാത്തത് ദുരൂഹമാണ്.
അധഃസ്ഥിതരും പിന്നാക്കക്കാരും മറ്രാരുടെയെങ്കിലും അവകാശം തട്ടിയെടുത്തതായി ആരും ആരോപണം ഉന്നയിച്ചു കണ്ടിട്ടില്ല. അവർ ബലഹീനരാണ് എന്നതുതന്നെ കാരണം അതിപുരാതനകാലം മുതൽ ആയുധശക്തിയിലും സാമ്പത്തിക ശക്തിയിലും ആധിപത്യമുള്ളവർ ബലഹീനരുടെ അവകാശങ്ങൾ സ്വായത്തമാക്കുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് 1891 ജനുവരി ഒന്നിന് കെ.പി. ശങ്കരമേനോന്റെ നേതൃത്വത്തിൽ 10,038 പേർ ഒപ്പുവച്ച ഒന്നാം മലയാളി മെമ്മോറിയൽ.
അവഗണനയുടെ
തുടർക്കഥ
രാജഭരണകാലത്ത് തിരുവിതാംകൂറിലെ പ്രധാന അധികാര സ്ഥാനങ്ങളിൽ പരദേശി ബ്രാഹ്മണരെയാണ് നിയമിച്ചിരുന്നത്. അഭ്യസ്തവിദ്യരായ സ്വദേശി മേനോൻ, നായർ വിഭാഗക്കാരുടെ അസംതൃപ്തിയുടെ ഫലമായാണ് ഒന്നാം മലയാളി മെമ്മോറിയൽ രൂപംകൊണ്ടത്. അതിന് രാജഭരണകൂടത്തിൽ നിന്ന് ഒരു പരിധി വരെ പരിഹാരമുണ്ടായതിനാൽ മലയാളി ബ്രാഹ്മണ വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടാം മലയാളി മെമ്മോറിയൽ മഹാരാജാവിനു സമർപ്പിച്ചു. ഈ മെമ്മോറിയലും രാജഭരണകൂടം പരിഗണിക്കുകയും അവർക്കും ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുകയുണ്ടായി.
തുടർന്ന് 1896, സെപ്റ്റംബർ മൂന്നിന് ഈഴവർ 13,176 പേർ ഒപ്പിട്ട ഒന്നാം ഈഴവ മെമ്മോറിയൽ ഡോ. പല്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചു. എന്നാൽ അതിന് ഒരു പരിഗണനയും ലഭിച്ചില്ല. തുടർന്ന് 1900-ൽ അന്നത്തെ വൈസ്രോയി കഴ്സൺ പ്രഭുവിന് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചു. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരി ഒരു ചെറിയ നാട്ടുരാജ്യത്തെ ഭരണകാര്യങ്ങളിൽ ഇടപെടുന്നത് സാമ്രാജ്യത്വ ഭരണത്തിന്റെ അന്തസിന് നിരക്കുന്നതല്ലാത്തതിനാൽ ഇടപെട്ടില്ല.
പിന്നീട്, 1904- ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കർഷക തൊഴിലാളികളുടെ തൊഴിൽ വേതനം ഉയർത്തിക്കിട്ടാനും അധഃസ്ഥിതരുടെ വിദ്യാഭ്യാസ അവകാശത്തിനുമായി ഒരാണ്ട് നീണ്ടുനിന്ന് പണിമുടക്ക് നടത്തി. 1910-ൽ സർക്കാർ സ്കൂളിൽ പ്രവേശനം നൽകികൊണ്ടുള്ള ഉത്തരവ് രാജഭരണകൂടം പ്രഖ്യാപിച്ചെങ്കിലും രക്തം ചിന്തിയ പോരാട്ടത്തിലൂടെയാണ് ഈ അവകാശം ചില വിദ്യാലയങ്ങളിലെങ്കിലും നടപ്പാക്കാനായത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദ്ധിക്കു മുമ്പ് പിന്നാക്കക്കാരനും അധഃസ്ഥിതനും അവഗണനയുടെയും അടിമത്തത്തിന്റെയും ചരിത്രമാണ് പറയാനുള്ളത്.
സ്വതന്ത്ര
ഇന്ത്യയിൽ
ഈ പശ്ചാത്തലത്തിൽ, ഇന്ത്യ സ്വതന്ത്രയായതിനു ശേഷമുള്ള ഒരു വസ്തുത പരിശോധിക്കുന്നത് യുക്തി സഹമായിരിക്കുമെന്ന് കരുതുന്നു. 1958-ലെ KS & SSR, Part II Rules 14 മുതൽ 17 വരെയുള്ള റൂളുകൾ പ്രകാരം പി.എസ്.എസി വഴിയുള്ള നിയമനങ്ങൾ 20-ന്റെ ഒരു ബാച്ച് ഉദ്യോഗാർത്ഥികളെ നിയമിക്കുമ്പോൾ ആദ്യത്തെ 10 പോസ്റ്റ് മെരിറ്റിലെ OC (Opern Competition) ആയും, 10 ഉദ്യോഗാർത്ഥികളെ സംവരണ ക്വാട്ടയിലും നിയമിക്കുന്നു. പിന്നീട് റാങ്ക് അടിസ്ഥാനത്തിൽ സീനിയോറിറ്രി ക്രമപ്പെടുത്തുന്നു. 20-ന്റെ ബാച്ചുകളായുള്ള ഈ നിയമന പ്രക്രിയ തുടരുന്നതു മൂലം ഓരോ ബാച്ചിലും മെരിറ്റിന് അർഹതയുള്ള സംവരണ ഉദ്യോഗാർത്ഥികൾ മെരിറ്റിൽ പരിഗണിക്കപ്പെടുന്നതിനു പകരം സംവരണ ക്വാട്ടയിൽ പരിഗണിക്കപ്പെടാൻ ഇടയാകുന്നു. ഇതുമൂലം അർഹതയുള്ള വളരെയധികം സംവരണ ഉദ്യോഗാർത്ഥികൾ നിയമനം ലഭിക്കാതെ പുറത്താകുന്ന സാഹചര്യമുണ്ടാകുന്നു.
സംസ്ഥാനത്ത് എൽ.ഡി. ക്ലാർക്ക്, സിവിൽ പൊലീസ് ഓഫീസർ, എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ, സെക്രട്ടേറിയറ്റ്, പി.എസ്.സി, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, യൂണിവേഴ്സിറ്റികൾ എന്നീ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ആയിരക്കണക്കിന് ഒഴിവുകളാണ് നിയമനത്തിനായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. എന്നിട്ടും 20-ന്റെ ബാച്ചുകളായാണ് നിയമനം നടത്തേണ്ടതെന്ന് 1958-ലെ റൂൾസിൽ എഴുതിച്ചേർത്തത് എന്ത് അടിസ്ഥാനത്തിലാണെന്നത് ഇന്നും അജ്ഞാതമാണ്. അന്ന് റൂൾ തയ്യാറാക്കിയ സവർണ മനസുകളുടെ പിന്നാക്ക വിരുദ്ധതല്ല ഇതിനു പിന്നിലെന്ന് പറയാൻ കഴിയുമോ? 20 എന്ന അക്കം കണ്ടെത്തിയതിന് എന്താണ് ലോജിക്ക്?
പട്ടിക വിഭാഗക്കാരെക്കാൾ അവസര നഷ്ടമുണ്ടാകുന്നത് പിന്നാക്ക വിഭാഗക്കാർക്കും, പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിനും മുസ്ലീം വിഭാഗത്തിനുമാണ് എന്നതാണ് വസ്തുത. റൂളിലുള്ള അപാകതകൾക്ക് പരിഹാരം തേടി ഹൈക്കോടതിൽ നൽകപ്പെട്ട കേസിൽ 20-ൽ താഴെ ഒഴിവുകളുണ്ടെങ്കിൽ 20-ന്റെ ബാച്ച് പരിഗണിക്കേണ്ടതാണെന്നും, കൂടുതൽ തസ്തികകൾ ഉണ്ടെങ്കിൽ ആകെ ഒഴിവുകൾ ഒറ്റ ബാച്ച് ആയി പരിഗണിക്കേണ്ടതാണെന്നും ഉത്തരവായിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത C A No. 1991 of 2009 എന്ന അപ്പീലിൽ, KS & SSR, Part II Rules 14 മുതൽ 17 വരെയുള്ള റൂൾ പ്രകാരം നിയമനത്തിന് 20-ന്റെ ബാച്ച് മാത്രമേ പരിഗണിക്കാൻ കഴിയൂ എന്നും, റൂളിൽ ഭേദഗതി വരുത്താനുള്ള അധികാരം കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും, അതിനുള്ള അധികാരം നിയമസഭയ്ക്കാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പരിഹരിക്കേണ്ട
നീതിനിഷേധം
റൂളിലെ അപാകത മൂലം അറുപത്തിയേഴ് വർഷമായി ആയിരക്കണക്കിന് അവസരങ്ങൾ സംവരണ വിഭാഗക്കാരായ അധഃസ്ഥിതർക്കും പിന്നാക്കക്കാർക്കും മുസ്ലീം വിഭാഗത്തിനും പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം (ഇ.ഡബ്ലിയു.എസ്) നടപ്പാക്കാനായി ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഏതാനും ദിവസം മാത്രമാണ് വേണ്ടി വരുന്നത്. എന്നാൽ ജനാധിപത്യ കേരളത്തിൽ ഇന്നും പിന്നാക്കക്കാരന്റെയും അധഃസ്ഥിതന്റെയും അവകാശം പെരുവഴിയിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ നീതിനിഷേധം ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് ഭൂഷണമാണോ എന്ന് സർക്കാർ അധികാരികൾ ചിന്തിക്കേണ്ടതാണ്. അധികാര ശ്രേണിയുടെ പുറത്തുള്ളവർ, സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർ, പാർശ്വവല്കരിക്കപ്പെട്ടവർ... അവർ എന്നും ദരിദ്രനാരായണന്മാരാണ്. എല്ലാ 'ഇസങ്ങളും" പരാജയപ്പെടുന്നത് അവ ഇന്ത്യൻ സവർണ ജാതിവ്യവസ്ഥയ്ക്ക് അടിമപ്പെടുന്നതുകൊണ്ടാണ് എന്നു മനസിലാക്കാൻ 'പാഴൂർപ്പടി" വരെ പോകേണ്ടതില്ല.
(എസ്.സി- എസ്.ടി കമ്മിഷൻ മുൻ ചെയർമാൻ ആണ് ലേഖകൻ)