പൂവാറിൽ കൃഷിഭവൻ പുനർനിർമ്മിക്കണം

Saturday 26 July 2025 1:08 AM IST

പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിന്റെ അരുമാനൂരിൽ പ്രവർത്തിച്ചിരുന്ന കൃഷിഭവൻ പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ കൃഷിഭവന്റെ പ്രവർത്തനം ജംഗ്ഷനിലെ എസ്.എൻ.എസ് ഗ്രന്ഥശാല കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.

കെട്ടിടത്തിന്റെ ചുവരുകൾ വിണ്ടുകീറിയും തൂണുകൾ പൊട്ടിപ്പൊളിഞ്ഞും കോൺക്രീറ്റിലെ കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിയും അപകടാവസ്ഥയിലായിരുന്നു. ശക്തമായ കാറ്റിലോ,മഴയത്തോ ഇടിഞ്ഞ് വീണ് വലിയ ദുരന്തം ഉണ്ടാകുമെന്ന അവസ്ഥയിലാണ് കൃഷിഭവൻ അവിടെ നിന്നും മാറ്റാൻ അധികൃതർ നിർബന്ധിതരായത്. എന്നാൽ വർഷം 10 കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അംഗീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

അരുമാനൂരിന്റെ സാംസ്കാരിക കേന്ദ്രമായ എസ്.എൻ.എസ് ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നത് സ്ഥലപരിമിതി കാരണമാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് പൂവാർ പഞ്ചായത്ത് ഭരണസമിതി കെട്ടിടമാറ്റത്തിനുള്ള തീരുമാനം കൈക്കൊണ്ടെങ്കിലും, ജീർണിച്ച കെട്ടിടത്തിന്റെ നവീകരണമോ പുനർനിർമ്മാണമോ നടത്തുന്നതിന് ആവശ്യമായ തുടർനടപടികളോ സ്വീകരിച്ചില്ല .

തകർച്ചയുടെ വക്കിൽ കൃഷിഭവൻ

1996ൽ അരുമാനൂർ ശ്രീ നായിനാർ ദേവ ക്ഷേത്ര യോഗമാണ് അഞ്ച് സെന്റ് ഭൂമി കൃഷിഭവൻ നിർമ്മിക്കാനായി സർക്കാരിന് വിട്ടുനൽകിയത്. അന്നത്തെ കൃഷി വകുപ്പ്മന്ത്രി വി.കെ.രാജൻ, എം.എൽ.എ ആയിരുന്ന ഡോ.നീലലോഹിതദാസ് എന്നിവരുടെ പരിശ്രമത്തിലാണ് കൃഷിഭവൻ സ്ഥാപിതമായത്. എന്നാൽ 20 വർഷം പിന്നിട്ടപ്പോഴേക്കും തകർന്നു വീഴാവുന്ന സ്ഥിതിയുണ്ടാകാൻ കാരണമെന്തായിരിക്കുമെന്ന് നാട്ടുകാർക്കും അറിയില്ല. നിർമ്മാണത്തിലെ അപാകതയെന്നാണ് സാങ്കേതിക പരിജ്ഞാനമുള്ളവർ പറയുന്നത്.

കെട്ടിട നിർമ്മാണം നീളുന്നു

പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം കൃഷി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് കൃഷി ഓഫീസിലെ ജീവനക്കാർ പറയുന്നത്. കൃഷിഭവനുകൾ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായതിനാൽ കെട്ടിട നിർമ്മാണം നടത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാൻ കഴിയുമോയെന്ന് കൃഷി വകുപ്പ് ആരായുകയാണ്. കൃഷിവകുപ്പ് ഫണ്ട് നൽകിയാലെ പുതിയ കെട്ടിടം നിർമ്മിക്കാനാകുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.