ഫിഷിംഗ് ഹാർബറിനായി ഇടപെടുമെന്ന് ബി.ജെ.പി

Friday 25 July 2025 9:33 PM IST

കാഞ്ഞങ്ങാട് : കടൽക്ഷോഭം കാരണം ദുരിതമനുഭവിക്കുന്ന അജാനൂർ കടപ്പുറം മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അജാനൂരിൽ ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാക്കാൻ എല്ലാ ഇടപെടലും നടത്തുമെന്നും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി പറഞ്ഞു. അജാനൂർ കടപ്പുറത്ത് സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. തീരദേശ മേഖലയിൽ അപകടാവസ്ഥയിലായ റോഡുകളും മീനിറക്ക് കേന്ദ്രവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തണമെന്നും അശ്വിനി ആവശ്യപ്പെട്ടു.അജാനൂർ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്ര സ്ഥാനികർ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ എന്നിവരുമായും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷ കൂടിക്കാഴ്ച്ച നടത്തി. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത്, സെക്രട്ടറി എം. പ്രദീപ് കുമാർ, നഗരസഭ കൗൺസിലർ എൻ.അശോക് കുമാർ എന്നിവർ അനുഗമിച്ചു.