നടുക്കം ,ആശങ്ക, ആശ്വാസം കണ്ണുവെട്ടിച്ച ക്രൂരത വീണ്ടും അഴിക്കകത്ത്
കണ്ണൂർ: കൊടുംക്രിമിനൽ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയെന്ന വാർത്ത ഇന്നലെ രാവിലെ നടുക്കത്തോടെയാണ് കേരളം കേട്ടത്. ഈയാളുടെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയുടെ കഥകളറിഞ്ഞ ആളുകൾ അപ്പോൾ തന്നെ ആശങ്കയിലാണ്ടിയിരുന്നു. കണ്ണൂർ നഗരത്തിലും പരിസരപ്രദേശത്തുമുള്ളവർ അതീവജാഗ്രതയോടെയാണ് തുടർന്നുള്ള മണിക്കൂറുകൾ ചിലവിട്ടത്.
നാട് മുൾമുനയിൽ നിൽക്കുന്നതിനിടെ ഈയാൾ പിടിയിലായ വാർത്ത എത്തി. പൊലീസ് കസ്റ്റഡിയിലെന്ന വാർത്ത ഒരു തവണ നിഷേധിച്ച പൊലീസ് ആളുകളുടെ സഹായം തേടുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും ഈയാളെ പൊക്കിയെടുക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇതോടെ മൂന്നര മണിക്കൂറോളം നാടിന് മേലുണ്ടായ നീണ്ട ഉൾക്കിടിലമാണ് ശമിച്ചത്.
ടാ ഗോവിന്ദച്ചാമീ ....
ഒരു കയ്യില്ലാത്ത ആളെ കണ്ട നാട്ടുകാരനായ വിനോജിന് തോന്നിയ സംശയമാണ് ഗോവിന്ദച്ചാമിയെ വീണ്ടും പിടികൂടാൻ സാധിച്ചതിന് പിന്നിൽ. കണ്ണൂർ ബൈപ്പാസ് റോഡിൽ വച്ച് റോഡിന്റെ വലതുവശം ചേർന്ന് തലയിലെ ഭാണ്ഡത്തിൽ കൈകൾ ചേർത്ത് ഒരാൾ നടന്ന് പോകുന്നതാണ് വിനോജിൽ സംശയം ജനിപ്പിച്ചത്. ഉടൻ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് പിന്തുടർന്നു. പിന്നാലെ ചെന്ന് ടാ ഗോവിന്ദച്ചാമിയെന്ന് വിളിച്ചു. അതോടെ നടന്നിരുന്നയാൾ ഓടി മതിൽ ചാടി ഓടി. ഇതോടെ ഇത് ഗോവിന്ദച്ചാമി തന്നെയെന്ന് ഇരുവരും ഉറപ്പിച്ചു.വിവരം പൊലീസിന് കൈമാറുകയും ചെയ്തു.
വീഴ്ചകളിൽ നിന്നും പഠിക്കാതെ സെൻട്രൽ ജയിൽ
പത്തുമാസം മുമ്പ് പത്രമെടുക്കാനെന്ന വ്യാജേന ഒരു തടവുകാരൻ രക്ഷപ്പെട്ടിട്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ ഒരു പാഠവും പഠിച്ചില്ല. ജയിലിൽ മയക്കുമരുന്ന്, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം നിർലോഭം നടക്കുന്നതായാണ് വിവരം. പുറത്ത് നിന്ന് ലഹരി ഉൾപ്പെടെ എത്തിക്കുന്ന തടവുകാരെ നിരീക്ഷിക്കുന്നതിന് ജയിൽചട്ടപ്രകാരം നടപ്പിലാക്കേണ്ട പലസംവിധാനങ്ങളും ഇവിടെയില്ലെന്നാണ് വിവരം. പാതിര പരിശോധനയും നടക്കാറില്ലെന്ന വിവരവുമുണ്ട്. ജയിലിൽ ഇപ്പോൾ തടവുകാരുടെ എണ്ണം അധികമാണ്. ഇവരെ നിരീക്ഷിക്കാൻ വേണ്ടുന്ന അംഗബലം സേനക്കില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ജയിലിലെ സ്ഥിരം പ്രശ്നക്കാരൻ
ജയിൽചാടിയ ഗോവിന്ദച്ചാമി സെൻട്രൽ ജയിലിലെ സ്ഥിരം പ്രശ്നക്കാരനാണ്. ഇറച്ചിക്കറിയും ബിരിയാണിയും കിട്ടാത്തതിന്റെ പേരിൽ പതിവായി കുഴപ്പമുണ്ടാക്കാറുണ്ട്. സഹതടവുകാരെ അക്രമിക്കുകയും ഉദ്യോഗസ്ഥരെ മലംവാരിയെറിയുകയും ചെയ്തതടക്കം നിരവധി പ്രശ്നങ്ങൾ ഈയാൾ ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്ക് വിവിധ ആവശ്യങ്ങളുയർത്തിയുള്ള നിരാഹാരസമരവും ഈയാളുടെ പതിവാണ്.