ആരോഗ്യമുള്ള മുടിയും തിളങ്ങുന്ന ചർമ്മവും സ്വന്തമാക്കാം; ഈ ഭക്ഷണങ്ങൾ മാത്രം മതി

Friday 25 July 2025 9:53 PM IST

നമ്മുടെ ചർമ്മത്തിന്റെ തിളക്കം, മുടിയുടെ വളർച്ച, നഖങ്ങളുടെ ആരോഗ്യം എന്നിവയിലെല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ ഒരു പരിധി വരെ സഹായിക്കുമെങ്കിലും, ഈ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പോഷകാഹാരത്തിന് പ്രധാന പങ്കുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ നല്ല കട്ടിയുള്ള മുടി, തിളക്കമുള്ള ചർമ്മം, ആരോഗ്യമുള്ള നഖം എന്നിവയ്ക്ക് സഹായകമാകും. അതിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങൾ ഇവയാണ്

1.കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല)

സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും പ്രോട്ടീന്റെയും മികച്ച ഉറവിടങ്ങളാണ്. ചർമ്മത്തിന്റെ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇവ രണ്ടും അത്യാവശ്യമാണ്. ഇവ ചർമ്മത്തിന്റെ ഈർപ്പവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കും.

2. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മം, മുടി, നഖങ്ങൾ എന്നിവയിലെ പ്രധാന ഘടനാപരമായ പ്രോട്ടീനായ കെരാറ്റിനന്റെ ഉത്പാദനത്തിനും വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. മധുരക്കിഴങ്ങ് ചർമ്മത്തിന്റെ വാർദ്ധക്യത്തിനും മങ്ങലിനും കാരണമാകുന്ന ഓക്സിഡേറ്റീവ് ഘടകത്തെ ചെറുക്കാൻ സഹായിക്കുകയും ചെയുന്നു.

3. ധാതുക്കൾ

ബദാം, കശുവണ്ടി, കടല എന്നിവ വിറ്റാമിൻ ഇ, പ്രോട്ടീൻ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. ഈ പോഷകങ്ങൾ ഒരുമിച്ച് ചർമ്മത്തെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ, നഖങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വരണ്ടതും അടർന്നുപോകുന്നതുമായ ചർമ്മം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

4. അവക്കാഡോ

അവക്കാഡോയിൽ വിറ്റാമിൻ സി, എ എന്നിവയും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു. അവക്കാഡോയിലെ കൊഴുപ്പുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, വിറ്റാമിൻ ഇ സൂര്യപ്രകാശത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

5. മുട്ട

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. മുടി, ചർമ്മം, നഖങ്ങൾ എന്നിവ നിർമ്മിക്കുന്ന കെരാറ്റിന്റെ രൂപീകരണത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കോശ വളർച്ചയ്ക്ക് സഹായിക്കുന്ന ബയോട്ടിൻ എന്ന ബി വിറ്റാമിനും മുട്ടയിൽ ധാരാളമുണ്ട്. പൊട്ടുന്ന നഖങ്ങളും മുടി കൊഴിച്ചിലും തടയാൻ മുട്ടയിലെ ബയോട്ടിൻ വളരെ പ്രധാനമാണ്. കൂടാതെ ഒരു വലിയ മുട്ടയിൽ ഏകദേശം 7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

6. ഇലക്കറികൾ

വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് ഇലക്കറികൾ . ഈ പോഷകങ്ങൾ ആരോഗ്യകരമായ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ് . ഇരുമ്പ് തലയോട്ടിയിലേക്കും രോമകൂപങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു, ഇത് മുടി വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

7. ഓയ്സ്റ്റർ (ചിപ്പി)

ഓയ്സ്റ്ററിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ സാന്ദ്രത നിലനിർത്തുന്നതിനും മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും സിങ്ക് വളരെ പ്രധാനമാണ്.

8. ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും

ചർമ്മത്തിന്റെ മൃദുത്വത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ, ധാരാളം വെള്ളം കുടിക്കുന്നതിവനോടൊപ്പം വെള്ളരിക്ക, തക്കാളി, തണ്ണിമത്തൻ, സ്ട്രോബെറി തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഈ ഭക്ഷണങ്ങൾ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾക്കൊപ്പം ശരീരത്തിന് ദ്രാവകങ്ങളും നൽകുന്നു.

പോഷകസമൃദ്ധമായ ഈ എട്ട് ഭക്ഷണങ്ങൾ തിളങ്ങുന്ന ചർമ്മം, ശക്തമായ നഖങ്ങൾ, ആരോഗ്യമുള്ള മുടി എന്നിവയ്ക്ക് കാരണമാകും.