ഒന്നേകാൽ കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി കൊല്ലത്ത് പിടിയിൽ

Saturday 26 July 2025 1:31 AM IST

തിരുവനന്തപുരം : ചില്ലറ കച്ചവടക്കാരന് കൈമാറാൻ ആന്ധ്രാപ്രദേശിയിൽ നിന്ന് കൊണ്ടുവന്ന 1.27 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എക്സൈസിന്റെ പിടിയിലായി. മണക്കാട് കൊഞ്ചിറവിള കൊച്ചുമുടമ്പിൽ വീട്ടിൽ രവികുമാറാണ് (65) പിടിയിലായത്.‌ കൊല്ലത്ത് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന രവികുമാറിനെക്കുറിച്ച് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസിൽ നിന്ന് എക്സൈസ് രവികുമാറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ രാവിലെ ആറോടെ രവികുമാർ ചെന്നൈ മെയിലിൽ വന്നിറങ്ങിയതിന് പിന്നാലെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.രവികുമാറുമായി ഇടപാട് ഉറപ്പിച്ചിരുന്ന ചില്ലറ വ്യാപാരിക്കായും തെരച്ചിൽ ആരംഭിച്ചു.എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ നിർമ്മലൻ തമ്പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അനീഷ്, ബി.എസ്.അജിത്ത്, ബാലു.എസ്.സുന്ദർ, ജൂലിയൻ ക്രൂസ്, സൂരജ്, തൻസീർ, അഭിരാം, ജോജോ, വനിത സിവിൽ എക്സൈസ് ഓഫീസർ നിജി, ഡ്രൈവർ സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.