ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ജില്ലയിലും ആശങ്ക പരത്തി
തൃശൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ജില്ലയിലും ആശങ്ക പരത്തി. വാർത്ത പുറത്തുവന്നതോടെ ജില്ലയിൽ പൊലീസ് ജാഗ്രത പുലർത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ചെറുതുരുത്തിയിൽ വച്ചാണ് ട്രെയിൽ നിന്ന് തള്ളിയിട്ട് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. അതുകൊണ്ട് ജയിൽ ചാടിയ ശേഷം ഇയാൾ ഒരിക്കൽ കൂടി ഇവിടെ എത്തുമോയെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. വാർത്ത പുറത്തുവന്ന ഉടൻ പൊലീസ് പുറത്തുവിട്ട നമ്പറുകൾ എല്ലായിടത്തും പരന്നു. ഇതിനിടെ ജയിൽ ചാടിയ ശേഷം ഗുരുവായൂരിലെത്തി മോഷണം നടത്തിയ ശേഷം സംസ്ഥാനം കടക്കുകയാണ് ലക്ഷ്യമെന്ന് വെളിപ്പെടുത്തിയിരുന്നു.
സൗമ്യയുടെ ഓർമ്മകൾ വീണ്ടും നിറഞ്ഞു
ഗോവിന്ദ ച്ചാമിയുടെ ജയിൽചാട്ടത്തിലൂടെ ഒരിക്കൽ കൂടി പെൺകുട്ടിയുടെ ഓർമകൾ വീണ്ടും നിറഞ്ഞു. പ്രദേശവാസികളടക്കമുള്ളവർ ഇന്നലെയും ആ നടക്കുന്ന സംഭവങ്ങൾ ഓർത്തെടുത്തു. 2011 ഫെബ്രുവരി ഒന്നിന് ഗോവിന്ദച്ചാമിയുടെ ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഫെബ്രുവരി ആറിനാണ് മരണമടഞ്ഞത്. പ്രതി ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലാണ് കൊലാപതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. സംഭവദിവസം യുവതി യാത്രചെയ്ത ട്രെയിനിൽ ഗോവിന്ദച്ചാമി കൊച്ചി മുതൽ ഉണ്ടായിരുന്നു. തൃശൂർ എത്തിയതോടെ ലേഡീസ് കംപാർട്ട്മെന്റ് കാലിയായി. ഇതേ തുടർന്ന് യുവതി തൊട്ടുമുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ മാറിക്കയറി. വള്ളത്തോൾ നഗർ സ്റ്റേഷൻ എത്തിയപ്പോഴേക്കും ഈ കംപാർട്ട്മെന്റിലുണ്ടായിരുന്ന എട്ടുപേരും സ്റ്റേഷനുകളിൽ ഇറങ്ങിയിരുന്നു. ഇതിനിടെ ഗോവിന്ദച്ചാമി യുവതിയെ കണ്ടു. ട്രെയിൻ വിട്ടതോടെ ഇയാളും ഈ കംപാർട്ട്മെന്റിൽ കയറി. ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച ഇയാളെ ചെറുത്തു. ചെറുക്കുന്നതിനിടെ വാതിലിന്റെ സമീപത്ത് എത്തിയപ്പോൾ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അൽപം കൂടി മുന്നോട്ടുപോയ ട്രെയിനിൽനിന്നു ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. ട്രാക്കിൽ തലയിടിച്ചു രക്തം വാർന്ന നിലയിലായിരുന്നു യുവതി. ബോധം പൂർണമായി നശിച്ചിരുന്നില്ല. വേദനകൊണ്ടു പുളയുന്ന യുവതിയെ തോളിലേറ്റി പാളങ്ങളുടെ സമീപത്ത് എത്തിച്ചാണു പീഡിപ്പിച്ചത്.
നൊമ്പരങ്ങൾ പേറുന്ന റെയിൽപ്പാളങ്ങൾ
ചെറുതുരുത്തി: 2011 ഫെബ്രുവരി ഒന്നിന് വൈകിട്ട് ഏഴ്... പാസഞ്ചർ ട്രെയിനിൽ ജോലി കഴിഞ്ഞ് ഷൊർണൂരിലെ വീട്ടിലേക്ക് എത്തുന്നതിന് മൂന്നു കിലോമീറ്റർ മുൻപ് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് 100 മീറ്റർ പിന്നിട്ടപ്പോൾ ഗോവിന്ദച്ചാമിയുടെ കരാളഹസ്തങ്ങൾ അവളെ പുറത്തേക്ക് തള്ളിയിട്ടു. കേരള കലാമണ്ഡലത്തിന്റെ മുൻവശത്തായി രണ്ടാമത്തെ റെയിൽപ്പാളത്തിലേക്കാണ് തെറിച്ചുവീണത്. പിന്നീട് വലിച്ചിഴച്ച് റെയിൽപ്പാളങ്ങളുടെ സമീപത്തായി നിലകൊള്ളുന്ന സിഗ്നൽ ബോക്സുകളുടെ ഇടയിൽവച്ച് ക്രൂരമായി പീഡിപ്പിക്കുകയും കല്ലുകൊണ്ട് ഇടിച്ച് തലയ്ക്കു മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. അന്നേദിവസം ഷൊർണൂർ ഉണ്ടായ വെടിക്കെട്ട് അപകടസ്ഥലം സന്ദർശിച്ച് തിരിച്ചു പോരുകയായിരുന്ന മന്ത്രിയുടെ പൈലറ്റ് വാഹനത്തിലാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. പിന്നീട് മരണപ്പെടുകയായിരുന്നു. കലാമണ്ഡത്തിന്റെ മുൻവശത്ത് നിന്നും തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു മണി എന്ന വ്യക്തിയാണ് ശബ്ദവും ഞെരുക്കവും കേട്ട് തൊട്ടടുത്ത വീട്ടിലെ ആളുകളെ കൂട്ടി വന്നു നോക്കുകയും സൗമ്യയെ കണ്ടെത്തുകയായിരുന്നു. അവളെ കണ്ടെത്തുമ്പോൾ വിവസ്ത്രയായി ചോരയിൽ കുളിച്ചു കിടക്കുന്ന ദൃശ്യമാണ് കണ്ടത്. 14 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല. ഒരുപാട് പ്രാർത്ഥനകളും സമരങ്ങളും നടന്നെങ്കിലും നിയമത്തിന്റെ പഴുതിലൂടെ തൂക്കുകയറിൽ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെട്ടു. അവളുടെ ഓർമ്മയ്ക്കായി കലാമണ്ഡലത്തിനു മുൻപിൽ നട്ട കണിക്കൊന്ന മരം ഇപ്പോഴും സ്വാമിയുടെ നൊമ്പരങ്ങൾ പേറി നിലകൊള്ളുന്നു. അവൾ ക്രൂരമായി പീഡനത്തിന് ഇരയായ റെയിൽപ്പാളങ്ങളിലൂടെ അവൾ അവസാനമായി സഞ്ചരിച്ച പാസഞ്ചർ തീവണ്ടി നിരവധി തവണ പോകുന്നു. എല്ലാത്തിനും സാക്ഷിയായി റെയിൽപ്പാളങ്ങൾ മാത്രം.
ജയിലുകളിൽ പരിശോധന നടത്തി
തൃശൂർ: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ജയിലുകളിൽ കർശന പരിശോധന നടത്തി ജയിലധികൃതർ. മദ്ധ്യമേഖല സോണിൽ ഉൾപ്പെടുന്ന ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ജയിൽ സുപ്രണ്ടുമാരുമായി മദ്ധ്യമേഖല ഡി.ഐ.ജിയുടെ ചുമതല വഹിക്കുന്ന കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജയിൽ സുരക്ഷയുടെ ചുമതലയുള്ള ഇന്ത്യൻ റിസർവ് ബെറ്റാലിയന്റെ നേതൃത്വത്തിൽ വിയ്യൂർ സെൻട്രൽ ജയിലിന് ചുറ്റും പരിശോധന നടത്തി. ജയിൽ ജീവനക്കാർ 13 ബ്ലോക്കുകളിലും പരിശോധന നടത്തി. ഇതിന് പുറമേ ജയിൽ വളപ്പിലും ജയിലിന് പുറത്തും പരിശോധന നടത്തി. ഇതിന് പുറത്ത് ജോലിക്ക് നിയോഗിക്കുന്നവരെയും പരിശോധിച്ചിരുന്നു. പൊലീസിന്റെ നേതൃത്വത്തിലും സംഭവമറിഞ്ഞതോടെ റെയിൽവേ സ്റ്റേഷൻ കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.