'ലഹരി വിപണനം തടയാൻ നിയമവ്യവസ്ഥകൾ മാറണം'
- കോടാലി ശ്രീനാരായണ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂളിൽ കേരളകൗമുദി ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ
കൊടകര: ലഹരി വിനിമയം നടത്തുന്ന സംഘങ്ങൾ നാടെങ്ങും പെരുകുകയാണെന്നും നിയമ വ്യവസ്ഥകളിൽ മാറ്റമുണ്ടാക്കിയും ലഹരി വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ രാജ്യദ്രോഹികളെന്ന നിലയിൽ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് എൻ.ജി.സുവ്രതകുമാർ. കോടാലി ശ്രീനാരായണ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് കേരളകൗമുദി സംഘടിപ്പിച്ചു വരുന്ന ബോധപൗർണമി ലഹരിവിരുദ്ധ സെമിനാറിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളും വിദ്യാർത്ഥികളും കേരളത്തിന്റെ വലിയൊരു സാമൂഹിക പ്രശ്‌നം തന്നെയാണ്. റാക്കറ്റുകളിൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നെ അതിൽ നിന്ന് മോചനമില്ലെന്നത് വസ്തുതയാണ്. റാക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പിടിയിലായാൽ നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കും വിധത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള നിയമവ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള സമയം അതിക്രമിച്ചെന്നും ലഹരിക്കെതിരായ പ്രവർത്തനത്തിന് ഡി.ജി.പിയുടെ കമന്റേഷൻ ഉൾപ്പെടെ 350 ഗുഡ്‌സ് സർവീസ് എൻട്രികളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുള്ള തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ മുൻ സബ് ഇൻസ്‌പെക്ടർ കൂടിയായ സുവ്രതകുമാർ അഭിപ്രായപ്പെട്ടു. സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്.ഉഷ ആമുഖപ്രസംഗം നടത്തി. സ്‌കൂൾ സെക്രട്ടറി ഇ.എൻ.ശശിയുടെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് പ്രസിഡന്റും സ്‌കൂൾ മാനേജരുമായ സി.ജി.രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സാമുഹ്യനീതിക്കായുള്ള പോരാട്ടത്തിനൊപ്പം ലഹരിക്കെതിരെ ജനമനസാക്ഷിയുണർത്താൻ ലക്ഷ്യമിട്ടുള്ള കേരളകൗമുദിയുടെ ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കൗമുദി സർക്കുലേഷൻ മാനേജർ റെന്നി സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. ക്ഷേമസമിതി പ്രസിഡന്റ് കെ.ആർ.രാകേഷ് സുവ്രതകുമാറിനെ ആദരിച്ചു. കേരളകൗമുദി സീനിയർ സർക്കുലേഷൻ എക്‌സിക്യൂട്ടീവ് ബിനുരാജ് പി.പുളിക്കൽ, സർക്കുലേഷൻ എക്‌സിക്യൂട്ടീവ് ബിജു, ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ വി.ആർ.അനു നന്ദി പറഞ്ഞു.