ജില്ലാക്കോടതിപ്പാലം നവീകരണം : തെക്കേക്കരയിലെ ട്രയൽറൺ അടുത്തയാഴ്ച

Saturday 26 July 2025 8:38 AM IST

ആലപ്പുഴ: ജില്ലാക്കോടതിപ്പാലം നവീകരണത്തിന് തെക്കേക്കരയിലെ റോഡ് അടയ്ക്കുന്നതിന് മുന്നോടിയായുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നതിനുളള ട്രാഫിക് ട്രയൽ റൺ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. വൈ.എം.സി.എ, ഔട്ട് പോസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടച്ചശേഷം ഇരുചക്രവാഹനങ്ങളുൾപ്പെടെ മുഴുവൻ വാഹനങ്ങളും പുതിയ റൂട്ടിലേക്ക് വഴി തിരിച്ചുവിടും. ആദ്യ രണ്ട് ദിവസങ്ങളിലെ നഗര ഗതാഗതം നിരീക്ഷിച്ചശേഷം കോടതിപ്പാലം നവീകരണം പൂർത്തിയാകും വരെ ഈ റൂട്ടുകളിലാകും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സഞ്ചാരം. ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് വാർഡൻമാരെ നിയോഗിക്കുന്നതിന് കിഫ്ബിയുടെ അനുമതി വൈകുന്ന സാഹചര്യത്തിൽ താത്കാലികമായി പൊലീസിനെ നിയോഗിക്കാനാണ് നീക്കം.

ട്രയൽ റണ്ണിന് പിന്നാലെ തെക്കേക്കരയിലെ റോഡ് അടച്ചാലുടൻ പൈലിംഗ് ജോലികൾ ആരംഭിക്കും. നിലവിൽ തെക്കേക്കരയിലെത്തിച്ച ഒരു റിംഗിന് പുറമേ ഒരെണ്ണംകൂടി തെക്ക് വശത്തെത്തിച്ച് വേഗത്തിൽ പൈലിംഗ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിലെ പാലം പൊളിച്ചശേഷം വടക്കേക്കരയിൽ പാലം തുടങ്ങുന്ന ഭാഗത്തെ പൈലിംഗ് കൂടി പൂർത്തിയാക്കിയാകും റിഗുകൾ തെക്കേക്കരയിലേക്ക് മാറ്റുക.

ട്രാഫിക് വാർഡൻമാരുടെ അനുമതി വൈകുന്നു

1.തെക്കേക്കരയിൽ പൈലിംഗ് നടക്കുന്ന സമയം വടക്കുവശത്ത് കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും കേബിളിംഗും പൈപ്പിടീൽ ജോലികളും പൂർത്തിയാക്കണം.

കെ.എസ്.ഇ.ബി കേബിൾ വലിക്കുന്നതിനുള്ള ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്

2.കനാലിന്റെ ഇരുകരകളിലെയും ഗതാഗതം പൂർണമായും നിലയ്ക്കുന്നതോടെ കോടതി, മിനി സിവിൽ സ്റ്റേഷൻ, എസ്.ഡി.വി സ്കൂൾ, താലൂക്ക് ഓഫീസ് , മുല്ലയ്ക്കൽ മാർക്കറ്റ് , ജില്ലാ മൃഗസംരക്ഷണ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പോക്കുവരവ് ദുഷ്കരമാകും

3.വൈ.എം.സി.എ, പിച്ചു അയ്യർ, മുല്ലയ്ക്കൽ, പഴവങ്ങാടി, ഔട്ട് പോസ്റ്റ്,കെ.എസ്.ആർ.ടി.സി , ചുങ്കം പാലം, കല്ലുപാലം, ഇരുമ്പുപാലം വഴിയുള്ള പുതിയ റൂട്ടിൽ മുല്ലയ്ക്കലോ ഔട്ട് പോസ്റ്റിലോ ഇറങ്ങിയാലേ യാത്രക്കാ‌ർക്ക് ഇവിടേക്ക് എത്താനാകൂ

4. മിനി സിവിൽ സ്റ്റേഷൻ, കോടതി എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് ഔട്ട് പോസ്റ്റിലെ താതാകാലിക പാലം വഴി വടക്കേക്കരയിലൂടെ നടന്നോ ഇരുചക്രവാഹനങ്ങളിലോ പോകാനുള്ള സൗകര്യം ഉണ്ടാകുമെന്ന് കെ.ആർ.എഫ്.ബി അറിയിച്ചു