കോട്ടമുറിയിൽ മിന്നൽചുഴലി; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി

Saturday 26 July 2025 12:00 AM IST

മാള: കോട്ടമുറി കോട്ടക്കൽ, കാവനാട് പ്രദേശങ്ങളിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നൽച്ചുഴലിയിൽ കനത്ത നാശനഷ്ടം. രാത്രി 10.15ഓടെ ആരംഭിച്ച ചുഴലി ഏകദേശം അഞ്ചുമിനിറ്റ് നീണ്ടുനിന്നു. കോട്ടയ്ക്കൽ കോവേന്ത പള്ളിയുടെ ഏകദേശം 80 തേക്കുമരങ്ങളും നൂറുകണക്കിന് റബ്ബർ മരങ്ങളും കടപുഴകി.

കോട്ടമുറി പയ്യപ്പിള്ളി ഡേവിസിന്റെ 10 ജാതിമരങ്ങൾ, കളപ്പറമ്പ് ടൈറ്റസിന്റെ 16 ജാതി മരങ്ങൾ, കോവത്തുപറമ്പിൽ ബേബിയുടെ 5 ജാതിമരങ്ങൾ, ചാലക്കൽ വിനോദിന്റെയും ശിവദാസിന്റെയും പുളിമരങ്ങൾ എന്നിവ ചുഴലിയിൽ വീണു. കോട്ടമുറി - കൊടുവത്ത്കുന്ന് റോഡിൽ പാലത്തിന് സമീപം ഓട്ടോറിക്ഷയുടെ മുകളിലേക്ക് പുളിമരം വീണു, നാല് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഓട്ടോറിക്ഷയ്ക്ക് നാശം സംഭവിച്ചു. പൂപ്പത്തി ഏരിമ്മൽ ക്ഷേത്രത്തിനു സമീപം വലിയ ആൽമരം കടപുഴകി വീണു. കാവനാട് ഭാഗത്ത് നിരവധി ജാതിമരങ്ങൾ, തേക്ക് തുടങ്ങിയ വൻമരങ്ങളും കടപുഴകി വീണു. ഒരു വീടിനും കേടുപാടുകളുണ്ടായി. പുത്തൻചിറ പഞ്ചായത്തിൽ പിണ്ടാണി - ഗോസായി റോഡിൽ മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണു. മാള കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസ് പരിധിയിൽ 8 എൽ.ടി വൈദ്യുതി പോസ്റ്റുകളും രണ്ട് എച്ച്.ടി പോസ്റ്റുകളും ഒരു

എച്ച്.ടി:ഡി.പിയും ഒടിഞ്ഞ് വീണു.

പത്തോളം സ്ഥലങ്ങളിൽ കമ്പി പൊട്ടിവീണു. പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. ഇന്ന് പൂർണമായി തോതിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.