അശ്ലീല ഉള്ളടക്കവും പ്രദർശനവും. ഉല്ലു ഉൾപ്പെടെ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു

Friday 25 July 2025 11:56 PM IST

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന 25 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചതായി റിപ്പോർട്ട്. ഉല്ലു,​ ആൾട്ട് ബാലാജി,​ ബിഗ് ഷോട്ട്സ് ആപ്പ്,​ ദേശി ഫ്ലിക്സ്,​ ബൂമെക്സ് ,​ നവരസ ലൈറ്റ് ,​ ഗുലാബ് ആപ്പ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. ഈ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും ആപ്പുകളും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വാർത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഒ.ടി,​ടി ,​ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കേന്ദ്രസർക്കാർ നെറ്റ്ഫ്ലിക്സ്,​ ആമസോൺ പ്രൈം,​ ഉല്ലു,​ ആൾട്ട്,​ എ്ക്സ്,​ ഫേസ്ബുക്ക്,​ ഇൻസ്റ്റഗ്രാം,​ യു ട്യൂബ് എന്നിവയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് വിഷയം എക്സിക്യുട്ടിവിന്റെയും നിയമ നിർമ്മാണ സഭയുടെയും പരിധിയിലാണെന്ന് വ്യക്തമാക്കി. ഇതോടെയാണ് സർക്കാർ തന്നെ നടപടിയുമായി രംഗത്ത് വന്നത്.