3മാസത്തിനുള്ളിൽ സ്നേഹിതയുടെ കരുതൽ 145 പേർക്ക്
ആലപ്പുഴ : അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്നതിന് കുടുംബശ്രീ ആരംഭിച്ച സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജില്ലയിൽ തുണയായത് 145 പേർക്ക്. അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിംഗാണ് സ്നേഹിതയിലൂടെ നൽകുന്നത്. കഴിഞ്ഞ മാർച്ച് മുതൽ കായംകുളം, ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളിലൂടെയാണ് സേവനം നൽകുന്നത്. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത് പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് കൗൺസിലിംഗ്.
ഗാർഹികപീഡനം, കുടുംബ പ്രശ്‌നങ്ങൾ, മദ്യപാനം, ലഹരി, മൊബൈൽ ഫോണിന് അടിമപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നീ കേസുകളാണ് സെന്റർ വഴി കൈകാര്യം ചെയ്യുന്നത്. നിലവിൽ ആഴ്ചയിൽ രണ്ടുദിവസം വീതമാണ് സെന്ററുകളുടെ പ്രവർത്തനം.
ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ കമ്മ്യൂണിറ്റി കൗൺസിലർമാർ ഭവനസന്ദർശനം നടത്തി കൗൺസലിംഗ് നൽകുന്നതിനും ആലോചിക്കുന്നുണ്ട്.
പദ്ധതി വിപുലീകരിക്കും
പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളെക്കുറിച്ച് അവബോധം പകരും
പുതുതായി ജോലിയിൽ പ്രവേശിക്കുന്ന സബ് ഇൻസ്‌പെക്ടർമാർക്കുള്ള സിലബസിലും അവബോധ പരിശീലനം ഉൾപ്പെടുത്തും എക്സ്റ്റൻഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കൗൺസിലർമാർക്കും വിദഗ്ദ്ധ പരിശീലനം നൽകും ആവശ്യകത അനുസരിച്ച് കൂടുതൽ ദിവസങ്ങളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
സബ് ഡിവിഷനും കേസുകളുടെ എണ്ണവും
കായംകുളം : 52
ആലപ്പുഴ : 30
ചേർത്തല :19
അമ്പലപ്പുഴ : 44
ചെങ്ങന്നൂർ : 32
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നൂറിലധികം പരാതികളാണ് എക്സ്റ്റൻഷൻ സെന്ററുകളിൽ ലഭിച്ചത്. പദ്ധതി വിപുലീകരിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്
- പി.സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ, ജെൻഡർ