കാറ്റിലും മഴയിലും വ്യാപകനാശം
ആലപ്പുഴ: ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും നഗരത്തിലുൾപ്പടെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. മരങ്ങളും പോസ്റ്റുകളും മറിഞ്ഞുവീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. മണ്ണഞ്ചേരി തമ്പകച്ചുവടിൽ വലിയ വാഗമരം വീണ് വാഹനങ്ങൾ തകർന്നു. വൈദ്യുതി പോസ്റ്റിലേക്ക് വീണ വാഗമരം റോഡിലൂടെ പോയ കാറിലേക്കാണ് പതിച്ചത്. കാറിലുണ്ടായിരുന്ന കുട്ടിയടക്കമുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മരം വീണ് മറ്റൊരു ലോറിയുടെ ഗ്ലാസും തകർന്നു. നാല് പോസ്റ്റുകളാണ് ഇവിടെ തകർന്ന് വീണത്. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
നഗരത്തിൽ ഗാന്ധിവിലാസം പാലത്തിന് സമീപം പള്ളാത്തുരുത്തി വാർഡിൽ വേലന്തറ വീട്ടിൽ ഹരിദാസന്റെ വീടിന്റെ മേൾക്കൂര കാറ്റിലും മഴയിലും തകർന്നു. കൊമ്മാടി സെന്റ്മേരീസ് സ്കൂളിന് സമീപവും മരവും വൈദ്യുത പോസ്റ്റും വീണ് ഗതാഗത തടസമുണ്ടായി.
കുട്ടനാട്ടിൽ ഊരുക്കരിയിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് തടസപ്പെട്ട വൈദ്യുതി 24 മണിക്കൂർ പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചില്ല. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മങ്കുഴി ഭാഗത്ത് വൈദ്യുതിലൈനിലേക്ക് തെങ്ങ് വീണത്. ഇന്നലെ രാവിലെ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ന് രാവിലെയോടെ വൈദ്യുതി പുനസ്ഥാപിക്കാനാവുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.