രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു 7 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, 28 പേർക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനിലെ ജലവാറിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് വീണ് ഏഴു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ 28 പേരെ മനോഹർതാന ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കനത്ത മഴയും കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയുമാണ് സ്കൂളിന്റെ മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രഥമിക നിഗമനം.
മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂളിൽ ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഒറ്റനില കെട്ടിടത്തിന്റെ മേൽക്കൂര സ്കൂളിലെ പ്രഭാത പ്രാർത്ഥനയ്ക്കിടെയാണ് തകർന്നു വീഴുകയായിരുന്നു. ഈ സമയത്ത് അറുപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരുമായിരുന്നു സ്കൂളിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഓടികൂടിയ ഗ്രാമവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ദുരന്തനിവാരണ സംഘങ്ങളും ജില്ലാ കളക്ടറും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ചേർന്നു.
എട്ടാം ക്ലാസുവരെയുള്ള ഈ സ്കൂളിലെ കെട്ടിടം നേരത്തെ തകർന്നുവീഴാറായ സ്ഥിതിയിലായിരുന്നുവെന്നും ഇതു സംബന്ധിച്ച് ഒരു മാസം മുൻപ് അധിതൃതർക്ക് പരാതി നൽകിയിരുന്നവെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു.
എന്നാൽ, 10 ദിവസം മുമ്പ് എല്ലാ സ്കൂളുകളുടെയും സുരക്ഷാ പരിശോധനകൾ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി ഈ സ്കൂളിലും ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (സി.ബി.ഇഒ) പരിശോധന നടത്തിയെങ്കിലും കെട്ടിടത്തിന് ഒരു പ്രശ്നവുമില്ലെന്ന റിപ്പോർട്ടാണ് നൽകിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാൽ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ഉന്നതതല അന്വേഷണം
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ സംഭവസമയത്ത് സ്കൂളിൽ എല്ലാതിരുന്ന അഞ്ച് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും ജില്ലാ കളക്ടറോടും വിദ്യാഭ്യാസ ഓഫീസറോടും മന്ത്രി നിർദ്ദേശം നൽകി.
അറ്റകുറ്റപ്പണികൾക്ക് 4.28 കോടി
സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി 4.28 കോടി അനുവദിച്ചിരുന്നു. എന്നാൽ ഈ പണം ഒരിക്കലും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ധനകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക രേഖകളിൽ ഇത് കുടുങ്ങിക്കിടക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് തകർന്ന സ്കൂളുകൾ നന്നാക്കാൻ ഉത്തരവിട്ടിട്ടും പണി പൂർത്തിയായില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ സീതാറാം ജാട്ട് പറഞ്ഞു.