ഇംപീച്ച്മെന്റ്: മൂന്നംഗസമിതി രൂപീകരണം ഉടൻ, ചീഫ് ജസ്റ്റിസിന് കത്തയക്കാൻ ലോക്‌സഭാ സ്‌പീക്കർ, ജഡ്‌ജിയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

Saturday 26 July 2025 1:17 AM IST

ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്രക്കെട്ടായി ലോക്‌സഭയിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ നീക്കങ്ങൾ ശക്തമാകുന്നു. ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ,ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള നിയോഗിക്കുന്ന മൂന്നംഗ സമിതി അന്വേഷിക്കും. ജഡ്‌ജസ് ഇൻക്വയറി ആക്‌ട് പ്രകാരം ഇംപീച്ച്മെന്റ് പ്രക്രിയയിലെ സുപ്രധാന ഘട്ടമാണിത്. രണ്ട് സമിതിയംഗങ്ങളുടെ പേര് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് ഉടൻ കത്തയച്ചേക്കും. സുപ്രീംകോടതിയിലെയും ഡൽഹി ഹൈക്കോടതിയിലെയും ഓരോ ജഡ്‌ജിമാരുടെ പേരുകൾ ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്യും. മൂന്നാമത്തെ അംഗമായ നിയമജ്ഞനെ സ്‌പീക്കർ തീരുമാനിക്കും.

ആദ്യം ലോക്‌സഭയിൽ

ആരോപണങ്ങൾ ശരിയെന്ന് കണ്ടെത്തി സമിതി റിപ്പോർട്ട് നൽകിയാൽ അത് പാർലമെന്റിൽ വയ്‌ക്കും. ആദ്യം ലോക്‌സഭയിലായിരിക്കും ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുകയെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഇന്നലെ പ്രതികരിച്ചു. അവിടെ പ്രമേയം പാസായാൽ രാജ്യസഭയിലേക്ക്. ഇംപീച്ച്മെന്റിന് സഭയിൽ ഹാജരുള്ള മൂന്നിൽ രണ്ട് അംഗങ്ങളുടെ വോട്ട് വേണം.

ഒറ്രക്കെട്ടെന്ന് കിരൺ റിജിജു

ജുഡിഷ്യറിയിലെ അഴിമതിക്കെതിരെയുള്ള നീക്കത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാ‌ർട്ടികളും ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 152 ഭരണ-പ്രതിപക്ഷ എം.പിമാർ സംയുക്തമായി ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസിലാണ് ലോക്‌സഭാ സ്‌പീക്കർ സമിതി രൂപീകരണത്തിലേക്ക് കടക്കുന്നത്. അതേസമയം, രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങൾ നൽകിയ ഇംപീച്ച്മെന്റ് നോട്ടീസ് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. പ്രതിപക്ഷത്തിന്റെ നോട്ടീസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഭരണതലത്തിലെ തർക്കമാണ് ഉപരാഷ്ട്രപതി പദവി രാജിവയ്‌ക്കുന്നതിലേക്ക് ജഗ്ദീപ് ധൻകറിനെ എത്തിച്ചതെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. നോട്ടീസ് സ്വീകരിച്ചത് കേന്ദ്രസർക്കാരിലെ ഉന്നതരുടെ അതൃപ്‌തിക്കിടയാക്കിയെന്നാണ് വിവരം.

തിങ്കളാഴ്ച നിർണായകം

ജസ്റ്റിസ് യശ്വന്ത് വർമ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇംപീച്ച്മെന്റ് ഭീഷണി നിലനിൽക്കെ, സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. ഹർജി താൻ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തിരുന്നു. യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ഇംപീച്ച്മെന്റ് നടപടി ശുപാർശ ചെയ്‌ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുകയും ചെയ്‌തു. ഇംപീച്ച്മെന്റ് ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ജഡ്‌ജിയുടെ മുഖ്യ ആവശ്യം. സമിതിയുടെ റിപ്പോർട്ടും റദ്ദാക്കണം.