തിങ്കളാഴ്‌ച ഓപ്പറേഷൻ സിന്ദൂർ ചർച്ച, പ്രതിഷേധം പിൻവലിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: പ്രതിപക്ഷ ആവശ്യം പരിഗണിച്ച് തിങ്കളാഴ്‌ച മുതൽ പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ചർച്ച തുടങ്ങും. ചർച്ചയ്‌ക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുമെന്നാണ് സൂചന. ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തെ ചൊല്ലി ഇന്നലെയും ഇരുസഭകളും തടസപ്പെട്ടെങ്കിലും അടുത്തയാഴ്‌ച മുതൽ പ്രതിഷേധം ഒഴിവാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
ലോക്‌സഭയിൽ തിങ്കളാഴ്‌ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 16 മണിക്കൂർ ചർച്ചയ്‌ക്ക് തുടക്കമിടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ,ബി.ജെ.പി എംപിമാരായ അനുരാഗ് താക്കൂർ,നിഷികാന്ത് ദുബെ എന്നിവരും സംസാരിക്കും. 29നാണ് രാജ്യസഭയിൽ ചർച്ച നടക്കുക.
അതിനിടെ ബീഹാർ വിഷയത്തിൽ തുടർച്ചയായ നാലാം ദിവസവും പാർലമെന്റ് സ്‌തംഭിച്ചു. ലോക്‌സഭയിൽ ഗോവയിലെ പട്ടിക വർഗവിഭാഗങ്ങളുമായി ബന്ധപ്പെട്ട ബില്ലും രാജ്യസഭയിൽ മണിപ്പൂരിലെ രാഷ്‌ട്രപതി ഭരണം നീട്ടുന്നതിനുള്ള പ്രമേയവും അവതരിപ്പിച്ചത് ഒഴികെ കാര്യമായ നടപടികളൊന്നും നടന്നില്ല. ബഹളം കാരണം ഇരുസഭകളും 12 മണിവരെയും പിന്നീട് രണ്ടുമണി വരെയും നിറുത്തിവച്ച ശേഷം തിങ്കളാഴ്‌ച വരെ പിരിയുകയായിരുന്നു.ഇന്നലെ ഉച്ചയ്‌ക്ക് ലോക്‌സഭ സ്‌പീക്കർ ഓം ബിർള വിളിച്ച സർവകക്ഷി യോഗത്തിലാണ് തിങ്കളാഴ്‌ച മുതൽ പ്രതിഷേധം ഒഴിവാക്കി സഭാ നടപടികൾ നടത്താൻ സഹകരിക്കുമെന്ന ഉറപ്പ് പ്രതിപക്ഷം നൽകിയത്. അതേസമയം,എല്ലാ വിഷയങ്ങളും ഒരുമിച്ച് ചർച്ച ചെയ്യാൻ കഴിയില്ലെന്നും പ്രതിപക്ഷ ആവശ്യത്തിലാണ് ഓപ്പറേഷൻ സിന്ദൂർ പരിഗണിച്ചതെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ(എസ്.ഐ.ആർ) 'ഇന്ത്യ' മുന്നണി പാർലമെന്റ് വളപ്പിൽ പ്രതീകാത്മക പ്രതിഷേധം നടത്തി. എസ്.ഐ.ആർ ചട്ടങ്ങളുടെ പകർപ്പ് കീറി ചവറ്റു കുട്ടയിൽ എറിഞ്ഞായിരുന്നു പ്രതിഷേധം.