ഒ.ബി.സിക്കാരുടെ ദുരവസ്ഥ മനസിലാക്കാൻ വൈകി: രാഹുൽ
ന്യൂഡൽഹി: ഒ.ബി.സി വിഭാഗത്തിന്റെ ദുരവസ്ഥ മനസിലാക്കാൻ വൈകിയെന്നും അതിനാൽ തങ്ങൾ ഭരിച്ചപ്പോൾ അവരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഏറ്റുപറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒ.ബി.സികളെക്കുറിച്ച് നേരത്തെ മനസിലാക്കിയിരുന്നെങ്കിൽ അന്നേ ജാതി സെൻസസ് നടത്തുമായിരുന്നുവെന്നും ഡൽഹിയിൽ നടന്ന 'ഭാഗീദാരി ന്യായ് സമ്മേളന'ത്തിൽ അദ്ദേഹം പറഞ്ഞു,
ഞാൻ 2004 മുതൽ രാഷ്ട്രീയത്തിലുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ,ഒരു തെറ്റ് ചെയ്‌തത് തിരിച്ചറിയുന്നു. ഞാൻ ഒ.ബി.സികളെ സംരക്ഷിച്ചില്ല. ഒ.ബി.സികളുടെ ചരിത്രവും പ്രശ്‌നങ്ങളും നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ സമയത്ത് ജാതി സെൻസസ് നടത്തുമായിരുന്നു. അതെന്നെ വിഷമിപ്പിക്കുന്നു. ഇത് കോൺഗ്രസിന്റെ തെറ്റല്ല,അത് എന്റെ തെറ്റാണ്-രാഹുൽ ഏറ്റു പറഞ്ഞു.കേന്ദ്ര സർവകലാശാലകളിലെ സംവരണ അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്താതെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്.സി, എസ്.ടി, ഒ.ബി.സി സമുദായങ്ങളെ മനപ്പൂർവ്വം പാർശ്വവത്‌കരിച്ചതായും രാഹുൽ കുറ്റപ്പെടുത്തി.
മോദിയുടേത്
വെറും ഷോ
പ്രധാനമന്ത്രി നരേന്ദ്രമോദി മാദ്ധ്യമങ്ങൾ പറയുന്നത് പോലെ ഉൾക്കട്ടിയുള്ള ആളല്ലെന്ന് രാഹുൽ. അദ്ദേഹം ഒരു വലിയ ഷോ മാത്രമാണ്, മാദ്ധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നു. രണ്ട് മൂന്ന് തവണ പ്രധാനമന്ത്രിയോടൊപ്പം ഒരേ മുറിയിൽ ഇരിന്നിട്ടുണ്ട്. പ്രധാനമന്ത്രി ഒരിക്കലും ഒരു 'വലിയ സംഭവമല്ല' എന്നാണ് മനസിലായത്. 'ഗട്ട്‌സ്' ഇല്ലാത്ത ആളെന്ന് തോന്നിയതായും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.