രാജേന്ദ്ര ചോളന്റെ പടയോട്ടം സഹസ്രവാർഷികം ചോളപുരത്ത് മോദിയെത്തും
ചെന്നൈ: ചോള ചക്രവർത്തിയായ രാജേന്ദ്ര ചോളൻ ഗംഗ മുതൽ വടക്കോട്ടുള്ള പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കിയതിന്റെ സഹസ്രവാർഷിക ആഘോഷ പരിപാടിയിൽ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാജേന്ദ്ര ചോളന്റെ സ്മരണയ്ക്കായി നാണയം അദ്ദേഹം പുറത്തിറക്കും. അരിയല്ലൂർ ജില്ലയിലെ ഗംഗൈകൊണ്ട ചോളപുരത്ത് 23 മുതൽ വാർഷികാഘോഷ പരിപാടികൾ നടക്കുകയാണ്
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട ബൃഹദീശ്വര ക്ഷേത്രത്തിലാണ് മോദി പങ്കെടുക്കുന്ന പരിപാടി നടക്കുക.
4800 കോടിയുടെ പദ്ധതി
28ന് 4800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും പൂർത്തിയാക്കിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. തൂത്തുക്കുടിയിൽ നവീകരിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 1992ൽ നിർമ്മിച്ച വിമാനത്താവളം 381 കോടി ചെലവഴിച്ചാണ് വികസിപ്പിച്ചത്. 1350 മീറ്ററായിരുന്ന റൺവേ 3000 മീറ്ററായി വികസിപ്പിച്ചു, ഒരേസമയം അഞ്ച് വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനാകും.