'മാലിന്യ നിക്ഷേപ കേന്ദ്രമായി' ആനയറ-പേട്ട പാലം

Saturday 26 July 2025 2:09 AM IST

തിരുവനന്തപുരം: പേട്ടയെയും ആനയറയെയും ബന്ധിപ്പിക്കുന്ന ആനയറ - പേട്ട പാലം 'മാലിന്യ നിക്ഷേപ കേന്ദ്രമായിട്ട്' നാളുകളേറെയായി. പാലത്തിന്റെ നടപ്പാതയിലും താഴെയുമുള്ള മാലിന്യ നിക്ഷേപം ജനങ്ങളെ വലയ്ക്കുകയാണ്.വർഷങ്ങളായി നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷ്യമാലിന്യങ്ങളും വരെ ഇതിലുണ്ട്. നടപ്പാതയിലേക്ക് കയറാനുള്ള പടികളിലും നിറയെ മാലിന്യമാണ്.

ദുർഗന്ധം വമിക്കുന്ന മാലിന്യം താണ്ടി വേണം സ്കൂൾ കുട്ടികൾക്കും നടന്നുപോകാൻ. നടപ്പാതകളിൽ മാലിന്യം നിറഞ്ഞതോടെ കാൽനടയാത്രക്കാർ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലേക്ക് ഇറങ്ങിനടക്കുകയാണ്.ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്.ഇതുമൂലം പകൽ പോലും ആളുകൾ ഇതുവഴി നടക്കാൻ ഭയക്കുന്നു.നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിലെത്തിച്ച് ഇരുട്ടിന്റെ മറവിൽ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്.നിരവധി കടകളും ഭക്ഷ്യശാലകളും വീടുകളുമുള്ള പ്രദേശത്തെ മാലിന്യനിക്ഷേപം അസുഖങ്ങളും ക്ഷണിച്ചുവരുത്തുന്നു.മഴക്കാലത്ത് പ്രശ്നം ഇരട്ടിക്കുന്നു. കാലങ്ങളായി നിരവധി പരാതികൾ അധികൃതർക്ക് നൽകുന്നുണ്ടെങ്കിലും പരിഹാരമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

വെളിച്ചക്കുറവ് മുതലെടുക്കുന്നു

പ്രദേശത്ത് ആവശ്യമായ തെരുവ് വിളക്കുകളില്ലാത്തതാണ് ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളാനെത്തുന്നവർ മുതലെടുക്കുന്നത്.വെളിച്ചക്കുറവ് മറയാക്കി സാമൂഹ്യ വിരുദ്ധരും ഇവിടെ താവളമാക്കുന്നു. മാലിന്യം നിക്ഷേപിക്കരുതെന്ന അറിയിപ്പ് ബോർഡ് മുൻപ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും പരിഹാരമായില്ല. മാലിന്യം നീക്കം ചെയ്ത് ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പലപ്രാവശ്യം പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ വീണ്ടും മാലിന്യം തള്ളുന്ന സ്ഥിതിയാണ്.പലസ്ഥലങ്ങളിൽ നിന്നുമാണ് ആൾക്കാരെത്തി മാലിന്യം തള്ളുന്നത്. വാഹനങ്ങളിൽ യാത്രചെയ്യുന്നവരുൾപ്പെടെ മാലിന്യം വലിച്ചെറിയുന്നുണ്ട്. ജനങ്ങൾ തന്നെ സ്വയം തീരുമാനമെടുത്താലേ ഇതിന് ശ്വാശ്വത പരിഹാരമാവുകയുള്ളൂ.

സി.എസ്.സുജ‌ാദേവി,പേട്ട വാർഡ് കൗൺസിലർ