കംബോഡിയയുമായി സംഘർഷം രൂക്ഷം: മദ്ധ്യസ്ഥത വേണ്ടെന്ന് തായ്‌ലൻഡ്
ബാങ്കോക്ക്: കംബോഡിയയുമായുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുന്നതിനിടെ,മൂന്നാം രാജ്യങ്ങളുടെ മദ്ധ്യസ്ഥ ശ്രമങ്ങൾ നിരസിച്ച് തായ്‌ലൻഡ്. കംബോഡിയ ആദ്യം ആക്രമണം നിറുത്തണമെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ സാഹചര്യം പരിഹരിക്കാനാകൂ എന്നും തായ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യു.എസ്,ചൈന,മലേഷ്യ എന്നീ രാജ്യങ്ങൾ മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധ അറിയിച്ചിരുന്നു. വിഷയത്തിൽ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് യു.എൻ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ യു.എൻ രക്ഷാസമിതി രഹസ്യ സ്വഭാവമുള്ള യോഗം ചേരും. അതിനിടെ,കംബോഡിയയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയാണ് അതിർത്തിയിലെ തർക്ക പ്രദേശമായ താ മോൻ തോം ക്ഷേത്രത്തിന് സമീപം തായ്-കംബോഡിയൻ സൈന്യം ഏറ്റുമുട്ടൽ തുടങ്ങിയത്. റോക്കറ്റ് ലോഞ്ചറുകൾ അടക്കം മാരക ആയുധങ്ങളുമായിയെത്തി കംബോഡിയൻ സൈന്യമാണ് ആക്രമണം തുടങ്ങിയതെന്ന് തായ്‌ലൻഡ് ആരോപിക്കുന്നു. അതേസമയം, തായ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ നീക്കത്തെ പ്രതിരോധിച്ചെന്നാണ് കംബോഡിയയുടെ പ്രതികരണം.
വെടിവയ്പിൽ തുടങ്ങിയ ഏറ്റുമുട്ടൽ ശക്തമായ റോക്കറ്റ്, ഷെല്ലാക്രമണങ്ങളിൽ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലിന്റെ രണ്ടാം ദിനമായ ഇന്നലെ അതിർത്തിയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ആക്രമണങ്ങൾ വ്യാപിച്ചു.
ബാങ്കോക്കിൽ ജനജീവിതം
സാധാരണം
അതിർത്തി ഒഴികെ,ബാങ്കോക്ക് അടക്കം തായ്‌ലൻഡിന്റെ മറ്റ് ഭാഗങ്ങളിൽ ജനജീവിതവും ടൂറിസവും സാധാരണം
തായ്‌ലൻഡിലേക്ക് പോകുന്ന എല്ലാ ഇന്ത്യക്കാരും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും അതിർത്തിയിലേക്ക് യാത്ര ഒഴിവാക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു
തായ് അതിർത്തിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്ന് സൈനികരുൾപ്പെടെ 16 ആയി. 46 പേർക്ക് പരിക്കേറ്റു
കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 5,000 പേരെ മാറ്റിപ്പാർപ്പിച്ചെന്നുമാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ അവിടെ 24 പേർക്ക് ജീവൻ നഷ്ടമായെന്ന് തായ്‌ലൻഡ് അവകാശപ്പെട്ടു
കംബോഡിയയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചു
യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ പ്രേ വിഹിയർ ക്ഷേത്രത്തിന് സമീപത്തെ റോഡ് തായ് വ്യോമാക്രമണത്തിൽ തകർന്നെന്നും നിയമനടപടി സ്വീകരിക്കുമെന്നും കംബോഡിയ ആരോപിച്ചു
# 1,38,000
തായ്‌ലൻഡിലെ സുരിൻ, സിസാകെറ്റ്, ഉബോൻ റാത്ത്‌ചതാനി പ്രവിശ്യകളിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഒഴിപ്പിച്ചത് 1,38,000 പേരെ
# അയൽക്കാർ ആയതിനാൽ വീട്ടുവീഴ്ചയ്ക്ക് ഞങ്ങൾ ശ്രമിച്ചു. എന്നാലിപ്പോൾ അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രവർത്തിക്കാൻ തായ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി കൂടുതൽ വഷളായാൽ യുദ്ധമായി മാറിയേക്കാം. എന്നാലും ഇപ്പോൾ ഏറ്റുമുട്ടലുകൾ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.
- ഫുംതം വെചായാചൈ,
ആക്ടിംഗ് പ്രധാനമന്ത്രി, തായ്‌ലൻഡ്