മാലദ്വീപിന് 4,850 കോടിയുടെ ഇന്ത്യൻ വായ്‌പ

Saturday 26 July 2025 5:08 AM IST

ന്യൂഡൽഹി: മാലദ്വീപുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി 4,850 കോടിയുടെ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സഹായമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സാമ്പത്തിക സഹായം അടക്കം എട്ട് ധാരണാപത്രങ്ങളിലും കരാറുകളിലും ഒപ്പിട്ടു. ഇന്ത്യ-മാലദ്വീപ് സ്വതന്ത്ര വ്യാപാര കരാറിന്റെ വാർഷിക കടം തിരിച്ചടവ് ബാധ്യതകൾ കുറയ്ക്കുന്നതിനുള്ള ഭേദഗതി കരാർ,മത്സ്യബന്ധന,അക്വാകൾച്ചർ,കാലാവസ്ഥാ സേവനങ്ങൾ,ടൂറിസം, പരിസ്ഥിതി മേഖലകളിലെ സഹകരണം, കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവും മാലദ്വീപ് ആഭ്യന്തര സുരക്ഷാ,സാങ്കേതിക മന്ത്രാലയവും തമ്മിലുള്ള സഹകരണം,യു.പി.ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് എൻ‌.പി‌.സി‌.ഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും മാലദ്വീപ് മോണിറ്ററി അതോറിട്ടിയും തമ്മിലുള്ള കരാർ എന്നിവയാണത്.

ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളുടെ വേരുകൾ ചരിത്രത്തേക്കാൾ പഴക്കമുള്ളതും കടൽ പോലെ ആഴമുള്ളതുമാണെന്ന് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സ്മാരക സ്റ്റാമ്പുകളും നേതാക്കൾ പുറത്തിറക്കി. കേരളത്തിൽ നിന്നുള്ള ഉരുവിനെയും മാലദ്വീപിലെ പരമ്പരാഗത വഞ്ചിയായ വധു ധോണിയേയും ചിത്രീകരിക്കുന്നതാണ് സ്റ്റാമ്പ്. ഇന്ന് മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി മോദി മുഖ്യാതിഥിയാകും.

തലസ്ഥാനമായ മാലെയിലെ റിപ്പബ്ലിക് സ്ക്വയറിൽ മോദിക്കായി മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിന്റെ നേതൃത്വത്തിൽ ഗാർഡ് ഒഫ് ഓണർ അടക്കം ഔദ്യോഗിക സ്വീകരണം ഒരുക്കി. മുയിസു വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. മാലദ്വീപ് വിദേശകാര്യ, പ്രതിരോധ, ധന മന്ത്രിമാരും മുയിസുവിനൊപ്പമുണ്ടായിരുന്നു. തന്നെ വരവേൽക്കാനെത്തിയ ഇന്ത്യൻ വംശജരുമായും മോദി കൂടിക്കാഴ്ച നടത്തി.

 അമ്മയ്‌ക്കൊരു മരം പദ്ധതിയുടെ ഭാഗമായി ചാൾസ് രാജാവ്

ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിനെ ഇന്ത്യയുടെ 'അമ്മയ്‌ക്കൊരു മരം' (ഏക് പേഡ് മാ കേ നാം) പദ്ധതിയുടെ ഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം സാൻഡ്രിംഗ്ഹാം ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മോദി ചാൾസിന് അലങ്കാര വൃക്ഷത്തൈ സമ്മാനിച്ചു. വൃക്ഷത്തൈ അമ്മ എലിസബത്ത് രാജ്ഞിയുടെ ഓർമ്മയ്ക്കായി ചാൾസ് നട്ടുപിടിപ്പിക്കും. ഇന്ത്യ-യു.കെ പങ്കാളിത്തവും വിദ്യാഭ്യാസം, ആയൂർവേദം, യോഗ തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരുവരും ചർച്ച ചെയ്തു. ബ്രിട്ടീഷ് സന്ദർശനം പൂർത്തിയാക്കി ഇന്നലെ രാവിലെയാണ് മോദി മാലദ്വീപിലെത്തിയത്.