'ജയിലിനുള്ളിൽ കഞ്ചാവ് സുലഭം, പണം നൽകിയാൽ എല്ലാത്തിനും സൗകര്യം'; ഗോവിന്ദച്ചാമിയുടെ മൊഴി

Saturday 26 July 2025 8:29 AM IST

കണ്ണൂർ: കഞ്ചാവും ലഹരിവസ്തുക്കളും കണ്ണൂർ ജയിലിനുള്ളിൽ സുലഭമെന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ മൊഴി. പുറത്തേക്ക് ഫോൺ വിളിക്കാൻ ജയിലിൽ സൗകര്യമുണ്ട്. എല്ലാത്തിനും പണം നൽകണം. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദച്ചാമി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് വിവരം. ജയിൽചാടാൻ ആരുടെയും സഹായം ലഭിച്ചില്ലെന്നും ഗോവിന്ദച്ചാമി വ്യക്തമാക്കിയിട്ടുണ്ട്.

അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷാ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിംഗും സിസിടിവികളും പ്രവർത്തനക്ഷമമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.

ജയിലിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. മതിലിലെ തുണി കണ്ടശേഷമാണ് ആരോ ജയിൽ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.