ബിരിയാണി കിട്ടാൻ നിരാഹാരം, മട്ടൻകറിയുടെ മണമെത്തിയതോടെ അയഞ്ഞു; മന്ത്രവാദിയുടെ അനുഗ്രഹമുള്ള തന്നെ ആർക്കും കൊല്ലാനാകില്ലെന്ന് ഗോവിന്ദച്ചാമി
കണ്ണൂർ: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് ഇതുവരെ മാനസാന്തരം വന്നിട്ടില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ. സഹതടവുകാരും ജയിൽ ജീവനക്കാരും കുറ്റപ്പെടുത്തിയാൽ ഇയാൾ മിക്കപ്പോഴും ദേഷ്യപ്പെടുമായിരുന്നു. എന്നാൽ ചില സമയങ്ങളിൽ ചിരിച്ചുകൊണ്ടായിരിക്കും ഗോവിന്ദച്ചാമിയുടെ പ്രതികരണം. ചെയ്ത ക്രൂരതയെയോർത്ത് യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ല. മാത്രമല്ല ഒരുപാട് അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. തനിക്ക് തമിഴ്നാട്ടിലെ ഒരു മന്ത്രവാദിയുടെ അനുഗ്രഹമുണ്ടെന്നും ആർക്കും തന്നെ കൊല്ലാൻ കഴിയില്ലെന്നും ഇയാൾ ഇടയ്ക്കിടെ പറയുമായിരുന്നു. എല്ലാ ദിവസവും ബിരിയാണി വേണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലിൽ നിരാഹാരം കിടന്നിട്ടുണ്ട്. ഒരു ദിവസം മുഴുവൻ ഒന്നും കഴിക്കാതെ കിടന്നു. എന്നാൽ പിറ്റേന്ന് മട്ടൻ കറിയുടെ മണമെത്തിയതോടെ നിരാഹാരം അവസാനിപ്പിച്ചു. ആഴ്ചയിൽ 210 ഗ്രാം മട്ടനാണ് തടവുകാർക്ക് നൽകുന്നത്. ഗോവിന്ദച്ചാമിയെ കാണാൻ രണ്ടുതവണ സഹോദരൻ ജയിലിലെത്തിയുന്നു. അല്ലാതെ അധികം സന്ദർശകരുണ്ടായിരുന്നില്ല. 2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദച്ചാമി യുവതിയെ ബലാത്സംഗം ചെയ്തത്. കൊച്ചിയിൽ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന ഷൊർണൂർ സ്വദേശിയായ 23കാരിയെ വള്ളത്തോൾനഗർ റെയിൽവേ സ്‌റ്റേഷനു സമീപത്തുവച്ച് പ്രതി ഇയാൾ ട്രെയിനിൽ നിന്നു തള്ളിയിട്ടു. പിന്നാലെ ചാടിയിറങ്ങി മറ്റൊരു പാളത്തിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കി. കൃത്യത്തിനുശേഷം യുവതിയുടെ മൊബൈലും പഴ്സിലെ പണവും കവർന്ന് ഇയാൾ രക്ഷപ്പെട്ടു. ഒരു മണിക്കൂറിനുശേഷം അവശയായ യുവതിയെ കണ്ടെത്തിയ പരിസരവാസികൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ആറാം തീയതി യുവതി മരിച്ചു.