കുഴിച്ചപ്പോൾ കണ്ടത് സ്വർണനാണയങ്ങൾ; വിവരമറിഞ്ഞ് ഗ്രാമത്തിലേക്കെത്തുന്നത് നൂറുകണക്കിനാളുകൾ
അലിഗഡ്: ജലവിതരണ പൈപ്പ്‌ലൈൻ സ്ഥാപിക്കാനായി കുഴിച്ചപ്പോൾ കിട്ടിയത് സ്വർണനാണയങ്ങൾ. അലിഗഡിലെ ഭരേതി ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികളാണ് ചെറിയ സ്വർണനാണയങ്ങൾ കണ്ടെത്തിയത്. അവർ ഉടൻ തന്നെ ജോലി നിർത്തിവച്ച് പൊലീസിനെ വിവരമറിയിച്ചു.
വിവരമറിഞ്ഞ് മിനിട്ടുകൾക്കുള്ളിൽ നൂറുകണക്കിനാളുകൾ സ്ഥലത്തെത്തിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. തുടർന്ന് പുരാവസ്തു വകുപ്പിനെയും അധികൃതരെയും വിവരമറിയിച്ചു. ഈ നാണയങ്ങൾ എത്രകാലം മുമ്പുള്ളതാണെന്ന് വ്യക്തമല്ല. ഇവയ്ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടാകാമെന്നാണ് പ്രദേശവാസികൾ കരുതുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകണമെങ്കിൽ വിശദമായ പരിശോധന ആവശ്യമാണ്.
നാണയങ്ങൾ അധികൃതർ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ അത്ഭുതമായിട്ടാണ് പലരും കണക്കാക്കുന്നത്. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം നാണയങ്ങൾ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും. ഗ്രാമവാസികളുടെ സമാധാന ജീവിതം നിലനിർത്താൻ പൊലീസ് നിരീക്ഷണം തുടരും.