സംസാരിക്കാനും ശരീരം അനക്കാനും കഴിയുന്നില്ല,  ഇതിഹാസ താരം  ബ്രൂസ്  വില്ലിസ് ഗുരുതരാവസ്ഥയിൽ

Saturday 26 July 2025 10:30 AM IST

ഡൈ ഹാർഡ്, പൾപ്പ് ഫിക്ഷൻ, ദി സിക്സ്ത് സെൻസ് എന്നീ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നുവെന്ന് റിപ്പാേർട്ട്. സംസാരശേഷിയെ ബാധിക്കുന്ന രോഗം കാരണം താരത്തിന്റെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുകയാണെന്ന സൂചനയാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

നാഡി സംബന്ധമായ രോഗമായ അഫേസിയയെ തുടർന്ന് 2022 മുതൽ അഭിനയരംഗത്ത് നിന്നും താരം വിട്ടു നിൽക്കുകയായിരുന്നു. രോഗ വിവരം നടന്റെ കുടുംബം തന്നെയാണ് 2022ൽ പുറത്തുവിട്ടത്. ഇതിനു പിന്നാലെ 2023ൽ ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ സ്ഥിരീകരിക്കുകയായിരുന്നു.

പെരുമാറ്റം, ഭാഷ, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന മസ്തിഷ്ക വൈകല്യമാണ് ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ. സംസാര ശേഷിയെ ബാധിക്കുന്ന തലച്ചോറിന്റെ വിവിധ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്ന രോഗമാണ് അഫാസിയ. ഇത് കൂടുതലും തലച്ചോറിന്റെ ഇടതുവശത്തെ ഭാഗങ്ങളെയാണ് ബാധിക്കുന്നത്. 70കാരനായ ബ്രൂസിന് സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ബ്രൂസ് വില്ലിസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള വിവരങ്ങൾ കുടുംബം പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ എമ്മ ഹെമിംഗ്, മുൻ ഭാര്യ ഡെമി മൂർ, ഇവരുടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പരിചരിക്കുന്നതിന് ഒത്തുചേർന്നു. നടന്റെ അവസ്ഥയെക്കുറിച്ച് കുടുംബത്തിൽ ചെലുത്തിയ വൈകാരിക ആഘാതത്തെക്കുറിച്ചും കുടുംബം വിവരങ്ങൾ പങ്കിടുന്നുണ്ട്.

ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ എന്താണ്?

ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ എന്നത് അത്ര സാധാരണമായ ഒരു രോഗമല്ല. അൽഷിമേഴ്‌സ് എന്ന രോഗം പ്രായമാകുമ്പോൾ ഉണ്ടാകുന്നതാണെങ്കിൽ ഇത് ചെറുപ്പത്തിൽത്തന്നെ ആളുകളെ ബാധിക്കുന്ന വൈകല്യമാണ്. തീരുമാനമെടുക്കൽ, വൈകാരിക പ്രകടനങ്ങൾ, ഭാഷ എന്നിവയെ സഹായിക്കുന്ന തലച്ചോറിന്റെ ഫ്രണ്ടൽ, ടെമ്പറൽ ലോബുകളുടെ തകരാർ മൂലമാണ് ഇത് സംഭവിക്കുക.