റെയിൽവെ ഇനി വേറെ ലെവൽ: ഹൈഡ്രജൻ ട്രെയിൻ അധികം വൈകാതെ ട്രാക്കിൽ, പരീക്ഷണം വിജയം
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടിയുടെ പരീക്ഷണം വിജയകരമായി നടന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി യാർഡിലാണ് പരീക്ഷണം പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ശേഷിയുള്ള ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നാണ് ഇന്ത്യയിൽ നിർമ്മിച്ചത്. ഭാവിയിൽ സുസ്ഥിരവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നാഴികക്കല്ലായ നിമിഷമാണിതെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. പരീക്ഷണ ഓട്ടത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
'ഇന്ത്യ 1200 എച്ച്പി ഹൈഡ്രജൻ ട്രെയിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യ ഹൈഡ്രജൻ ഊർജത്തിൽ മുൻപന്തിയിൽ നിൽക്കും'- അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഹൈഡ്രജൻ ട്രെയിനുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് 80 കോടി ചെലവിൽ 35 ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. ഹൈഡ്രജൻ ട്രെയിനുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി 70 കോടി ചെലവഴിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു എഞ്ചിൻ മാത്രമാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. മറ്റൊരു എഞ്ചിൻ അടുത്ത ആഴ്ച പരീക്ഷണ ഓട്ടം നടത്തും. ശേഷം ഹൈഡ്രജൻ തീവണ്ടികൾ ആഗസ്റ്റ് അവസാനത്തോടെ റെയിൽവെയ്ക്ക് കൈമാറുമെന്ന് ഐസിഎഫ് അധികൃതർ അറിയിച്ചിട്ടുണ്ട്. മുന്നിലും പിറകിലുമായി ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഓരോ എഞ്ചിനുകളും നടുവിൽ യാത്രക്കാർക്ക് കയറാവുന്ന എട്ട് ഓർഡിനറി കോച്ചുകളാണ് ഉണ്ടാകുക. ഉത്തര റെയിൽവെയ്ക്ക് വേണ്ടി ജിന്ധ്- സോനാപ്പെട്ട് റൂട്ടിലാണ് ഹൈഡ്രജൻ തീവണ്ടി സർവീസ് നടത്തുകയെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നു.