മലയാളികളുടെ പ്രിയ വിഭവത്തിൽ ചേർക്കുന്നത് ജീവനെടുക്കുന്ന വ്യാജനെ; തിരിച്ചറിയാം ഈ മാർഗത്തിലൂടെ

Saturday 26 July 2025 11:50 AM IST

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദിവസവും പ്രോട്ടീൻ അടങ്ങിയ വിഭവം കഴിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, നിങ്ങൾ കഴിക്കുന്നത് വ്യാജനാണെങ്കിലോ? ആരോഗ്യത്തിന് പകരം രോഗങ്ങളാകും തേടിയെത്തുക. അതിനാൽ, ജാഗ്രത പാലിക്കുക. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് ഇത്തരത്തിലുള്ള വ്യാജ പനീറുകൾ കണ്ടെത്തിയത്.

ലാഭത്തിനായി സിന്തറ്റിക്ക് പനീർ വിൽക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പൊതുജനാരോഗ്യത്തെ ഗുരുതരമായ അപകടത്തിലാക്കും. റിപ്പോർട്ട് പ്രകാരം, ഈ വ്യാജ പനീർ സ്റ്റാർച്ച്, ഡിറ്റർജന്റ്, മായം ചേർത്ത എണ്ണ, രാസവസ്‌തുക്കൾ തുടങ്ങിയ ദോഷകരമായ പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് കണ്ടാൽ യഥാർത്ഥ പനീർ അല്ലെന്ന് തോന്നില്ല. കഴിച്ചുകഴിഞ്ഞാൽ, ഭക്ഷ്യവിഷബാധയ്‌ക്കൊപ്പം കരളിന്റെയും വൃക്കകളുടെയും ദീർഘകാല രോഗങ്ങൾക്കും കാരണമാകുന്നു.

യഥാർത്ഥ പനീറിന് കിലോയ്‌ക്ക് 400 മുതൽ 500 രൂപ വരെയാണ് വില. വ്യാജ പനീർ 200 മുതൽ 300 രൂപയ്‌ക്ക് ലഭിക്കും. അതിനാൽ, ധാരാളംപേ‌ർ വ്യാജ പനീർ വാങ്ങുന്നു. രൂപം കൊണ്ട് വ്യാജൻ ഏതാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ, ഒരു ചെറിയ കഷ്‌ണം പനീറെടുത്ത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം കടകളിൽ ലഭ്യമായ അയഡിൻ ഈ കഷ്‌ണത്തിൽ ചേർക്കുക. അപ്പോൾ ഇതിന്റെ നിറം മാറുകയാണെങ്കിൽ ശുദ്ധമായ പാലിൽ നിന്നും തയ്യാറാക്കിയ പനീറാണ്. നിറം മാറിയില്ലെങ്കിൽ അത് വ്യാജനാണ്.

വ്യാജ പനീറുകളിൽ വിഷാംശം വളരെ കൂടുതലാണ്. കുട്ടികളിൽ മരണം പോലും സംഭവിച്ചേക്കാമെന്നാണ് റിപ്പോർട്ട്. അതിനാൽ, വലിയ അസുഖങ്ങൾ വരുന്നത് തടയാൻ അറിയപ്പെടുന്ന ബ്രാൻഡുകളുടെ പനീർ മാത്രം ഉപയോഗിക്കുക.