മദ്യലഹരിയിൽ സ്കൂളിന്റെ പാചകപ്പുരയ്‌ക്ക് സമീപം കിടന്നുറങ്ങി, പ്രധാനാദ്ധ്യാപകന്റെ വീഡിയോ വൈറൽ; പിന്നാലെ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്

Saturday 26 July 2025 11:52 AM IST

ബംഗളൂരു: ജോലിസമയത്ത് മദ്യലഹരിയിൽ സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാദ്ധ്യാപകന് സസ്‌പെൻഷൻ. കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ നിങ്കപ്പയെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

മദ്യപിച്ച് ലക്കുകെട്ട ഇയാൾ പാചകപ്പുരയ്ക്ക് സമീപം ഉറങ്ങുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഇയാൾ സ്‌കൂളിൽ പതിവായി മദ്യലഹരിയിലായിരുന്നു എത്തിയിരുന്നതെന്നാണ് സൂചന.

കൂടാതെ കൃത്യമായി ജോലി ചെയ്യില്ല. മാത്രമല്ല വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ചില രക്ഷിതാക്കൾ മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.