'ആ രാത്രി ഒരിക്കലും മറക്കില്ല,​ ആറോളം പേർ മരിക്കേണ്ടതായിരുന്നു'; ഇന്നും മനസിൽ വരുമെന്ന് വിധു പ്രതാപ്

Saturday 26 July 2025 12:29 PM IST

മലയാളികളുടെ പ്രിയങ്കരനായ ഗായകനാണ് വിധു പ്രതാപ്. ടെലിവിഷൻ സംഗീത മത്സരപരിപാടികളിൽ വിധു പ്രതാപ് സജീവമാണെങ്കിലും അഭിനയരംഗത്തും അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. ഹൊറർ പശ്ചാത്തലമുളള ഒരു മിനി വെബ്‌സീരിസിൽ വിധു പ്രതാപും ഭാര്യ ദീപ്തിയും അഭിനയിച്ചിട്ടുണ്ട്, ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ തന്റെ കരിയറിലുണ്ടായ മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് വിധു പ്രതാപ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഓർത്തെടുത്തത്.

'പാലക്കാട് ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് പോയിരുന്നു. പാടത്തായിരുന്നു പരിപാടിക്കുളള സ്​റ്റേജ് ഒരുക്കിയിരുന്നത്. അന്ന് കൃത്യമായി വയറിംഗ് ഒന്നും ചെയ്തിട്ടില്ലായിരുന്നു. നല്ല മഴപെയ്തതുകൊണ്ട് പാടത്ത് വെളളമുണ്ടായിരുന്നു. ജനം മുഴുവൻ നിറഞ്ഞുനിൽക്കുകയായിരുന്നു. സ്​റ്റേജിന്റെ മുന്നിലിരുന്ന ആറ് പേർക്ക് ഒരേസമയം ഷോക്കടിച്ചു. അന്ന് ദൈവം സഹായിച്ച് മരണമൊന്നും സംഭവിച്ചില്ല. അന്ന് ഞങ്ങൾക്ക് മ​റ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. അല്ലെങ്കിൽ ഞങ്ങളും മരിക്കേണ്ടതായിരുന്നു. ഭാഗ്യമുണ്ടായിരുന്നു. പരിപാടിയുടെ അവസാനമായിരുന്നു പ്രശ്നം സംഭവിച്ചത്.

ഒരു മരണം സംഭവിച്ചിരുന്നേൽ അത് നമുക്ക് എപ്പോഴും സങ്കടമുണ്ടാക്കുന്നതാണ്. എന്റെ പരിപാടിക്ക് എന്നെ കാണാൻ വന്ന ഒരു വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അത് എക്കാലവും സങ്കടമുണ്ടാക്കുമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത് ഫൈനൽ ഡെസ്​റ്റിനേഷൻ സിനിമ പോലെയാണ്. അത് ഞാൻ എപ്പോഴും ആലോചിക്കും. ആ സംഭവം ഇപ്പോഴും എന്റെ മനസിൽ വരും'- വിധു പ്രതാപ് പറഞ്ഞു.