പ്ലസ് ടു പാസായവരാണോ? 69,000 രൂപ വരെ ശമ്പളം ലഭിക്കും, സർക്കാർ സർവീസിൽ മികച്ച അവസരം

Saturday 26 July 2025 12:54 PM IST

ബീഹാർ പൊലീസ് ഡ്രൈവർ കോൺസ്​റ്റബിൾ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവസരം. സെൻട്രൽ സെലക്ഷൻ ബോർഡ് ഒഫ് കോൺസ്​റ്റബിൾ (സിഎസ്ബിസി) ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സിഎസ്ബിസിയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ ( csbc.bihar.gov.in. ) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഗസ്​റ്റ് 20 വരെയാണ് അപേക്ഷിക്കാൻ അവസരമുളളത്. 4361 ഒഴിവുകളുണ്ട്.

പ്ലസ് ടു പാസായ ഏതൊരാൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ചില നിബന്ധനകൾ ഉണ്ട്. അപേക്ഷിക്കുന്നവർക്ക് കാലാവധിയുളള ഹെവി ഡ്രൈവിംഗ് ലൈസൻസും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 25 വയസിന് താഴെ പ്രായമുളളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഒബിസി വിഭാഗത്തിൽപ്പെട്ട 27 വയസിന് താഴെയുളളവർക്കും അപേക്ഷിക്കാം. അതേസമയം, എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട 30 വയസിന് താഴെയുളളവർക്കും അപേക്ഷിക്കാം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 മുതൽ 69,000 രൂപ വരെ ശമ്പളം ലഭിക്കും. എഴുത്തുപരീക്ഷ, കായികക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് കായികക്ഷമത പരീക്ഷയിൽ അവസരം ലഭിക്കുകയുളളൂ. മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരീക്ഷയും ഉണ്ടായിരിക്കും.