ആകാശത്ത് രണ്ട് വിമാനങ്ങൾ നേർക്കുനേർ; നിർണായക തീരുമാനമെടുത്ത് പൈലറ്റ്, നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചത്
കാലിഫോർണിയ: ടേക്ക് ഓഫിനിടെ കൂട്ടിയിടി ഒഴിവാക്കാൻ വിമാനം താഴ്‌ത്തി പറത്തുന്നതിനിടെ രണ്ടുപേർക്ക് പരിക്ക്. കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർക്കാണ് പരിക്കേറ്റത്.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകൾ പ്രകാരം, ഒരു യുഎസ് വാണിജ്യ ജെറ്റിനെ കണ്ടതോടെ കൂട്ടിയിടി ഒഴിവാക്കാനായി പൈലറ്റുമാർ വിമാനം ഏകദേശം 500 അടിയോളം പെട്ടെന്ന് താഴ്‌ത്തി. ഇതിനിടെയാണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റത്. ഇവർക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ 1496 വിമാനത്തിലാണ് സംഭവം.
ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കൻ വാണിജ്യ ജെറ്റ് വിമാനം ആകാശത്ത് കൂട്ടിയിടി ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കുന്നത്. എതിരെ വന്ന വിമാനത്തിന്റെ കോക്‌പിറ്റിൽ നിന്ന് ലഭിച്ച അപകട മുന്നറിയിപ്പാണ് വൻ അപകടം ഒഴിവാക്കാൻ സഹായിച്ചത്. സംഭവത്തിന് ശേഷം, സൗത്ത് വെസ്റ്റ് വിമാനം യാത്ര തുടർന്നു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.