രണ്ടര മാസത്തെ തീവ്രപരിശ്രമം, നഷ്ടമായത് 527 ധീരസൈനികരെ, പാകിസ്ഥാന്റെ പ്രതീക്ഷകൾ തച്ചുടച്ച ദിവസങ്ങൾ; ഇന്ന് കാർഗിൽ വിജയ ദിവസം
ന്യൂഡൽഹി: ഇന്ന് കാർഗിൽ വിജയദിവസം. കാർഗിൽ നഗരത്തിന്റെ അതിർത്തി കടന്നെത്തിയ ഭീകരവാദികളെ രാജ്യത്ത് നിന്ന് തുരത്തിയ പോരാട്ടത്തിന്റെ 26-ാം വാർഷിക ദിനമാണ് ഇന്ന്. 1999ൽ പാകിസ്ഥാൻ പട്ടാളം ജമ്മുകാശ്‌മീരിലെ തീവ്രവാദികളുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. 16,000 അടി മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ ഒളിപോരാട്ടത്തിനായി നിലയുറപ്പിച്ച ആക്രമികളെ നിലംപരിശാക്കാൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് എന്ന പേരിൽ സൈനിക ഓപ്പറേഷൻ നടത്തി. അത് ഏകദേശം രണ്ടര മാസത്തോളം നീണ്ടു.
ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സൈന്യം ജൂലായ് 26ന് കാർഗിലിൽ വിജയം പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാൻ അധിപത്യം സ്ഥാപിച്ച പ്രദേശങ്ങളെല്ലാം ഇന്ത്യൻ സൈന്യം തിരിച്ചെടുത്തു. അതേസമയം, ഇന്ത്യയ്ക്കും ചില തീരാനഷ്ടങ്ങൾ ഉണ്ടായി. 527 ധീരസൈനികരെയാണ് പാകിസ്ഥാനുമായുളള പോരാട്ടത്തിനിടയിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ഇതിന്റെ സ്മരണയ്ക്കായി കാർഗിൽ യുദ്ധസ്മാരകവും പണിതു. ഇത് ദ്രാസ് സെക്ടറിലാണ് സ്ഥിതി ചെയ്യുന്നത്.
ജമ്മു കാശ്മീരിലെ ബടാലിക് പ്രദേശത്തെത്തിയ ആട്ടിടയൻമാരാണ് സംശയാസ്പദമായ ചില കാഴ്ചകൾ കണ്ടത്. ഉയർന്ന മലനിരകളിൽ ആളുകളുണ്ടെന്ന കാര്യം മനസിലാക്കിയ ആട്ടിടയൻമാർ സൈന്യത്തെ വിവരമറിയിക്കുകയായിരുന്നു. സാധാരണ ശൈത്യകാലങ്ങളിൽ സൈനികർ പോസ്റ്റുകളിൽ നിന്ന് മാറി നിൽക്കാറുണ്ട്. കാലാവസ്ഥ മാറുമ്പോൾ തിരികെ എത്താറുമുണ്ട്. ഇത് ശത്രു രാജ്യങ്ങളുമായുളള ധാരണകളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം പോസ്റ്റുകളിൽ നിന്ന് മാറിയ സമയം നോക്കിയാണ് പാക് സൈന്യം കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കിയത്. ലഡാക്ക് പിടിച്ചടക്കുകയാണ് പാക് സൈന്യത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യയ്ക്ക് മനസിലായി. തുടർന്ന് ഇന്ത്യ പോരാട്ടത്തിനൊരുങ്ങുകയായിരുന്നു.
എന്നാൽ ഉയരത്തിലുളള ശത്രുക്കളെ നേരിടുന്ന കാര്യം ഇന്ത്യൻ സൈന്യത്തിന് അൽപം പ്രയാസം നിറഞ്ഞതായിരുന്നു. രാത്രിസമയങ്ങളിലാണ് കൂടുതൽ ആക്രമണവും നടത്തിയത്. സൈനികർ മലമുകളിലേക്ക് കയറിൽ തൂങ്ങിയാണ് കയറിയത്. മുകളിൽ നിന്ന് പരിക്കേറ്റവരെയും വീരമൃത്യു വരിച്ചവരെയും താഴേക്ക് കൊണ്ടുവന്നിരുന്നതും ഈ കയറുകളിലൂടെയായിരുന്നു. അതേസമയം, തീവ്രവാദികളുടെ കൈവശം മാസങ്ങളോളം താമസിക്കാനുളള ഭക്ഷണവും ആയുധങ്ങളും ഉണ്ടായിരുന്നു. പോരാട്ടം കടുത്തതോടെ അന്നത്തെ കരസേനാ മേധാവി ജനറൽ വി പി മാലിക് വ്യോമസേനയുടെ സഹായം തേടി. എന്നാൽ വ്യോമസേനയുടെ സഹായമുണ്ടായാൽ യുദ്ധം കടുക്കുമെന്ന് വ്യോമസേനാ മേധാവി അനിൽ ടിപ്നിസ് മുന്നറിയിപ്പ് നൽകി. ഈ സമയത്താണ് അന്നത്തെ ആക്രമണത്തിന് രാഷ്ട്രീയ അനുമതി നൽകാൻ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി തയ്യാറായി. പിന്നീട് 1999 മേയ് 26ന് ഇന്ത്യൻ വ്യോമസേനയുടെ ഓപ്പറേഷൻ സഫേദ് സാഗർ ആരംഭിച്ചു. അത് ആറ് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു.
തുടർന്ന് ഇന്ത്യ ഇസ്രായേലിന്റെ സഹായം തേടി. ഫ്രഞ്ച് നിർമിത മിറാഷ് വിമാനത്തിൽ ഇസ്രായേലിന്റെ സാങ്കേതിക വിദ്യയുപയോഗിച്ച് യുഎസിന്റെ ലേസർ ഘടിപ്പിച്ച ഇന്ത്യൻ ബോംബ് 12 ദിവസം കൊണ്ട് സജ്ജമാക്കി. പാക് റഡാറുകളിൽപ്പെടാതെ താഴ്ന്നു പറന്ന മിറാഷ് യുദ്ധവിമാനങ്ങൾ ചരിത്രത്തിലാദ്യമായി ലേസർ നിയന്ത്രിത ബോംബുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരുടെ പോസ്റ്റുകൾ തകർത്തു. കാർഗിൽ യുദ്ധത്തിൽ തന്ത്രപ്രധാനമായ ടൈഗർ ഹിൽസ് കയ്യടക്കിയ പാക്ക് സേനയ്ക്കു മേൽ 500 കിലോ ബോംബാണ് യുദ്ധവിമാനത്തിൽനിന്നു വർഷിച്ചത്. നിയന്ത്രണ രേഖ കടക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നെങ്കിലും സൈന്യം പല തവണ നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്തി. ടൈഗർ ഹിൽ പിടിച്ചെടുത്തതോടെ ബാക്കി മലകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈന്യത്തിന് അന്ത്യശാസനം നൽകുകയായിരുന്നു. അങ്ങനെ തീവ്രവാദികൾ കീഴടക്കിയ പോസ്റ്റുകൾ ഓരോന്നായി ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു.