ചാലക്കുടി ബിവറേജസ് ഔട്ട്‌ലെറ്റിൽ കവർച്ച, മോഷ്ടാവ് അകത്ത് കടന്നത് ഷട്ടറിന്റെ പൂട്ട് തകർത്ത്
Saturday 26 July 2025 3:32 PM IST
തൃശ്ശൂർ: ചാലക്കുടി ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. ഔട്ട്‌ലെറ്റിൽ രണ്ടാം നിലയിലാണ് കവർച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് വിലകൂടിയ വിദേശ മദ്യങ്ങളും മേശവലിപ്പിൽ ഉണ്ടായിരുന്ന പണവും കവർന്നു. നാല് സിസിടിവി ക്യാമറകൾ തകർത്തശേഷമാണ് ഇയാൾ ഔട്ട്ലെറ്റിൽ പ്രവേശിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
രാവിലെ ജീവനക്കാർ എത്തിയ ശേഷമാണ് കവർച്ച നടന്നത് അറിയുന്നത്. എത്ര കുപ്പി മദ്യം മോഷണം പോയി എന്നറിയാനുള്ള പരിശോധനകൾ തുടരുകയാണ്. കവർച്ചയ്ക്ക് ശേഷം ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിൽ ആയിരുന്നു കിടന്നിരുന്നത്. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.