ഡോക്ടർ അടിയന്തര ചികിത്സ നിഷേധിച്ചു, പാമ്പുകടിയേറ്റ് മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

Saturday 26 July 2025 3:54 PM IST

തൃശൂ‌ർ: പാമ്പുകടിയേറ്റ് മൂന്നു വയസുകാരി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്. തൃശൂർ സ്വദേശി ബിനോയിയുടെ മകളാണ് മരിച്ചത്. 2021 മാർച്ചിലായിരുന്നു സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കെതിരെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് ആന്റി സ്നേക് വെനം നൽകാതെ ചികിത്സയ്ക്കായുളള സമയം നഷ്ടപ്പെടുത്തിയെന്നാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുട്ടിയുടെ മരണം സംഭവിച്ച് നാലു വർഷങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.

വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. മുത്തശ്ശനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കോക്കാച്ചി കടിച്ചെന്നാണ് കുട്ടി ഇരുവരോടും പറഞ്ഞിരുന്നത്. കൈ നീല നിറത്തിലാകുന്നത് കണ്ടതോടെയാണ് വീട്ടുകാർ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അടിയന്തര ചികിത്സ നൽകേണ്ടിയിരുന്നിടത്ത് ഓപി ടിക്കറ്റ് എടുത്ത് കാത്തുനിൽക്കേണ്ട സാഹചര്യമാണുണ്ടായത്. പാമ്പു കടിയേറ്റെന്ന് സംശയമുള്ളതായി വീട്ടുകാർ അറിയിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടർ അടിയന്തര ചികിത്സ നൽകിയില്ലെന്നാണ് വീട്ടുകാർ ആരോപിച്ചത്.

ഒടുവിൽ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിക്കെതിരെ വീട്ടുകാർ രംഗത്തെത്തിയതോടെയാണ് അധികൃതർ ഡിഎംഓയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഈ റിപ്പോർട്ടിലാണ് ഡോക്ടർക്ക് ​ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായത്. ഡ്യൂട്ടി നഴ്സ് ഉൾപ്പെടെ ഡോക്ടർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ആന്റി സ്നേക് വെനം ഇല്ലെന്നായിരുന്നു ഡോക്ടർ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ വിവരാവകാശ നിയമപ്രകാരം വീട്ടുകാർ നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ ആശുപത്രിയിൽ സംഭവ ദിവസം ആന്റി സ്നേക് വെനം സ്റ്റോക് ഉണ്ടെന്നും വ്യക്തമായിരുന്നു. തുടർന്നാണ് ബന്ധുക്കൾ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.