ഒരു മഹാന‌ഗരത്തിന്റെ ദുരവസ്ഥ ഇതാണ്, പങ്കുവച്ച് വിമുക്ത ഭടൻ; വീഡിയോ

Saturday 26 July 2025 4:23 PM IST

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ മാലിന്യ സംസ്കരണത്തിന്റെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ച് മുൻ സൈനികൻ. യശ്പാൽ സിംഗ് മോർ എന്ന വിമുക്തഭടൻ പങ്കുവച്ച ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അംബരചുമ്പിയായ ഒരു കെട്ടിടത്തിന് സമീപമുള്ള വലിയ മാലിന്യക്കൂമ്പാരവും അതിനു ചേർന്ന് പശുക്കളും നായ്ക്കളും ചുറ്റി നടക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്നത്.

വീഡിയോയ്‌ക്കൊപ്പം യശ്പാൽ സിംഗ് കുറിച്ചത് ഇങ്ങനെയായിരുന്നു:

'ഹരിയാനയിലെ ഗുഡ്ഗാവിൽ ജീവിക്കുന്നതിന്റെ സന്തോഷം. ഇന്ത്യയിലെ ഏറ്റവും മൃഗ സൗഹൃദ നഗരവും മാലിന്യ സൗഹൃദ നഗരവുമാണിത്. നഗരത്തിൽ എവിടെയും ഇത്തരം കാഴ്ചകൾ സ്ഥിരമായി കാണാൻ കഴിയും, ഇത്തരം അത്ഭുതകരമായ കാഴ്ചകൾ കാണുന്നതിന് നിങ്ങൾ വളരെ ദൂരെ നിന്നൊന്നും വരേണ്ടതില്ല. നമ്മുടെ നഗരസഭ ഏജൻസികൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. മറ്റൊരു നഗരത്തിനും ഇത്തരം കാര്യങ്ങളിൽ അഭിമാനിക്കാൻ കഴിയില്ല'. -അദ്ദേഹം പറഞ്ഞു.

നിരവധി താമസക്കാരും സന്ദർശകരും നഗരത്തിന്റെ അവസ്ഥയെ വിമർശിച്ചുകൊണ്ട് പോസ്റ്റിട്ടു കൊണ്ട് രംഗത്തെത്തി. യശ്പാൽസിംഗിന്റെ ആദ്യ പോസ്റ്റിന് ശേഷം അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും മാലിന്യം പൂർണ്ണമായും നീക്കം ചെയ്യാത്തതിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് പിന്നീട് മറ്റൊരു വീഡിയോ കൂടി അദ്ദേഹം പങ്കുവച്ചിരുന്നു.