കാറ്റിൽ തകർന്നത് 172 വീടുകൾ.... കശക്കിയെറിഞ്ഞു
കോട്ടയം : കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കാറ്റിൽ ജില്ലയിൽ 172 വീടുകൾ ഭാഗികമായി തകർന്നു. ഇത്തിത്താനം പുറക്കടവ് ഓമനക്കുട്ടന്റെ വീടിന് മുകളിൽ മരം വീണു. ഓട്ടോ ഡ്രൈവറായ ഓമനക്കുട്ടനും ഭാര്യയും രണ്ട് മക്കളും സംഭവസമയം ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുക്കളയും, ഒരു മുറിയും, ടോയ്‌ലറ്റും തകർന്നു. ഉച്ചയ്ക്ക് നെടുംകുന്നം പഞ്ചായത്തിലെ പുതുപ്പള്ളിപ്പടവ് മറ്റത്തിക്കൽ വീട്ടിൽ എം.ആർ മനോജിന്റെ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര പൂർണ്ണമായും തകർന്നു. പ്രദേശത്ത് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞു വീണു. സൗത്ത് പാമ്പാടിയിലും, മറ്റക്കര കെഴുവൻകുളത്തും, ആറുമാനൂർ, മുക്കട, തിരുവഞ്ചൂർ, അയർക്കുന്നം എന്നിവിടങ്ങളിലും മരം വീണ് നിരവധി വീടുകൾക്ക് നാശമുണ്ടായി. നെടുംകുന്നം ആറാട്ടുകടവ് ഭാഗത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെയും മഴ തുടർന്നതോടെ ആറുകളിലടക്കം ജലനിരപ്പ് ഉയരുകയാണ്.
വൈദ്യുതിബന്ധം നിലച്ചു
പലയിടങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായിട്ടില്ല. ഒറവയ്ക്കൽ വടക്കൻമണ്ണൂർ ഭാഗത്തും, നിലയ്ക്കൽ, മാലം മേത്താപ്പറമ്പ് എന്നിവിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി തടസപ്പെട്ടു. ഗ്രാമീണ മേഖലകളിലടക്കം റോഡ് ഗതാഗതവും തടസപ്പെട്ടു.
2 ക്യാമ്പുകൾ
കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. നാല് കുടുംബങ്ങളിൽ നിന്ന് 19 പേരാണ് ഇവിടെ കഴിയുന്നത്.