കിട്ടാനില്ലാതെ ഈറ്റ, തൊഴിലാളികൾ ദുരിതത്തിൽ
മുടപുരം: ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഈറ്റ ലഭിക്കുന്നില്ലെന്ന് പരാതി. മംഗലപുരം പഞ്ചായത്തിലെ ശാസ്തവട്ടത്തെ ഈറ്റത്തൊഴിലാളികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് വർഷത്തിലേറെ ലഭിക്കാതിരുന്നിട്ട് ഈ മാസം മുതലാണ് ഈറ്റ ലഭിച്ചുതുടങ്ങിയത്.എന്നാൽ കിട്ടിയതാകട്ടെ ഗുണമേന്മയില്ലാത്തതാണെന്നും ആക്ഷേപമുണ്ട്.
ശാസ്തവട്ടത്ത് നൂറോളംപേർ ഈ തൊഴിൽ ചെയ്യുന്നുണ്ട്. 60 വയസിനുമേൽ പ്രായമുള്ളവരാണ് ഇവരെല്ലാം.സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അച്ഛനും അമ്മയും ഈ ജോലി ചെയ്തിരുന്നതിനാൽ അവരിൽ നിന്ന് പഠിച്ചതാണ് ഈ തൊഴിൽ. ശിംശോൻ,മേരി,ക്രിസ്റ്റിന,രാജാമണി തുടങ്ങിയവരാണ് ശാസ്തവട്ട പരമ്പരാഗത ഈറ്റത്തൊഴിലാളികൾ .ശിംശോൻ രാവിലെ 8ന് വീട്ടിൽ നിന്നിറങ്ങി പെരുങ്ങുഴി,മുരുക്കുംപുഴ,കണിയാപുരം,വെട്ടുറോഡ് വഴി കഴക്കൂട്ടം വരെ പോകും.ദിവസം 25 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിക്കും.വൈകിട്ട് 3കഴിഞ്ഞാണ് വീട്ടിലെത്തുക.ഒരു ദിവസം 1000 -1500 രൂപയ്ക്ക് കച്ചവടം നടക്കും.ഇതിൽ ഈറ്റയുടെ വിലയും മറ്റും കഴിഞ്ഞാൽ 300- 350 രൂപയായിരിക്കും തൊഴിലാളിക്ക് ലഭിക്കുക.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വില്പനയ്ക്കായി പോവുക.മറ്റുള്ള ദിവസങ്ങളിൽ വീട്ടിലിരുന്ന് ഉത്പന്നങ്ങൾ നിർമ്മിക്കും.മേരിയും ക്രിസ്റ്റീനയും രാജാമണിയും ചിറയിൻകീഴ്,കടയ്ക്കാവൂർ വരെ കാൽനടയായി സഞ്ചരിച്ചാണ് കച്ചവടം തുച്ഛമായ ലാഭം മാത്രമേ ഇവർക്ക് ലഭിക്കുന്നുള്ളൂ.
എല്ലാ മാസവും ഈറ്റ നൽകണമെന്നും,ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
നിർമ്മിക്കുന്ന ഉത്പന്നങ്ങൾ
കുട്ട,വട്ടി,പായ,മുറം,ഉറ്റാൽ തുടങ്ങിയവ
ഈറ്റ ലഭിക്കുന്നത്
കേരള സ്റ്റേറ്റ് ബാംബു കോർപറേഷന്റെ ശാസ്തവട്ടം ഡിപ്പോ വഴിയാണ് തൊഴിലാളികൾക്ക് ഈറ്റ ലഭിക്കുന്നത്. കോർപ്പറേഷന്റെ മറ്റ് ഡിപ്പോകളിൽ എല്ലാ മാസവും ഈറ്റ എത്തുമ്പോൾ ശാസ്തവട്ടം ഡിപ്പോയിൽ ഈറ്റ വരുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഫലം കണ്ട്
വരുമാനമില്ലാത്ത പട്ടിണിയിലേക്ക് നീങ്ങിയപ്പോൾ തൊഴിലാളികൾ നെടുമങ്ങാട്,കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പോയി ഈറ്റ വെട്ടേണ്ടി വന്നു.ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ എം.എൽ.എയ്ക്കും പഞ്ചായത്ത് മെമ്പർക്കും പരാതി നൽകിയതിന്റെ ഫലമായാണ് ഈ മാസം മുതൽ ഈറ്റ ലഭിച്ചത്.
തിരിച്ചടിയായി
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ വരവോടെ ഈറ്റ ഉത്പന്നങ്ങൾക്ക് വിപണി നഷ്ടപ്പെട്ടതും തിരിച്ചടിയായി.അതിനാൽ നിസാര വിലയ്ക്കാണ് ഈറ്റ ഉത്പന്നങ്ങൾ വിൽക്കുന്നത്.മാർജിൻ ഫ്രീ മാർക്കറ്റ്,മറ്റുകടകൾ തുടങ്ങിയവയിൽ ഉത്പന്നങ്ങളെടുക്കുന്നുണ്ടെങ്കിലും നഷ്ടം സഹിച്ചാണ് തൊഴിലാളികൾ അവിടെ നൽകുന്നത്.
തൊഴിലാളികൾക്ക് എല്ലാ മാസവും ഈറ്റ നൽകണം. ചികിത്സാസഹായവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കണം.
ശിംശോൻ,ഈറ്റത്തൊഴിലാളി