വില്ലനായി രോഗങ്ങളും വന്യമൃഗങ്ങളും കൃഷി ഉപേക്ഷിച്ച് കർഷകർ

Sunday 27 July 2025 1:48 AM IST

കിളിമാനൂർ: മലയോര കർഷകർ കൃഷിയിൽ നിന്ന് പിന്മാറുന്നു. വന്യമൃഗശല്യം കാരണം കാർഷിക വിളകൾ കൃഷി ചെയ്യാനേ കഴിയുന്നില്ലെന്നാണ് പരാതി. നാണ്യവിളകളിൽ മഴ,​ വിലയിടിവ്,​ രോഗബാധ എന്നിവ വില്ലനായിത്തീരുന്നു. മലയോരകർഷകർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥമാത്രമാണ്. പന്നിശല്യം കാരണം ചേന, ചേമ്പ്, കപ്പ തുടങ്ങി ഒരു കാർഷികവിളയും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ.

റബർ,കുരുമുളക്,തെങ്ങ്,കമുക് തുടങ്ങിയ നാണ്യവിള കൃഷികൾ ചെയ്യുന്നവർ അതിനെക്കാൾ ദുരിതത്തിൽ. റബ്ബറിന് വിലയുണ്ടെങ്കിലും മഴ കാരണം വെട്ടിയിട്ട് കാലങ്ങളായി.നഷ്ടക്കച്ചവടമായതോടെ പലരും ടാപ്പിംഗ് നിറുത്തി.ചിലർ മരങ്ങൾ വെട്ടിമാറ്റി. കടം കയറി വശംകെട്ടവർ തോട്ടം വിൽക്കാൻ തയ്യാറാണെങ്കിലും അവിടെയും രക്ഷയില്ലാത്ത അവസ്ഥ. ചെറുകിട തോട്ടങ്ങൾ ഒന്നായിട്ടോ പ്ലോട്ടുകളായോ ആണ് കച്ചവടം ചെയ്യുന്നത്. ഇപ്പോഴത്തെ നിയമവ്യവസ്ഥകൾ പ്രകാരം ഭൂമി പ്ലോട്ട് തിരിച്ച് വിൽക്കാൻ പറ്റുന്നില്ല.

തെങ്ങുകളുടെ

നീരൂറ്റി ചെല്ലി

തെങ്ങുകളിൽ ചെല്ലി ആക്രമണം രൂക്ഷം. കായ് പാകമാകുമ്പോഴേക്കും ശല്യം തുടരും.കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അത്യുത്പാദന ശേഷിയുള്ള തൈകളാണ് ഭൂരിഭാഗവും. ആദ്യകാലങ്ങളിൽ കൂമ്പിൽ മാത്രമാണ് ശല്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചുവടുവശത്തും വ്യാപകമായി. പ്രത്യക്ഷത്തിൽ കാണാൻ കർഷകർക്ക് സാധിക്കുന്നുമില്ല. സങ്കരയിനമായ കുള്ളൻ തൈകളാണ് കൂടുതൽ കർഷകരും നട്ടുപിടിപ്പിച്ചത്. ഇവയിലാണ് ശല്യം രൂക്ഷം. ചെല്ലിശല്യം മാറുന്നതിനായി നിരവധി മരുന്നുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും ഫലമില്ല.ചുരുങ്ങിയ ദിവസം കൊണ്ട് ഏക്കറുകണക്കിനു വിസ്തൃതിയുള്ള തോട്ടങ്ങളിലെ തെങ്ങുകളെല്ലാം ആക്രമണത്തിന് ഇരയാകുകയാണ്.

അടയ്ക്കയ്ക്ക് മഞ്ഞളിപ്പ് രോഗം

മഞ്ഞളിപ്പ് രോഗം ബാധിച്ച കമുകുകളിൽ നിന്ന് അടയ്ക്ക കൊഴിയുകയാണ്.ന്യായമായ വിലയുള്ളതിനാൽ വളരെ പ്രതീക്ഷയോടെ വിളവെടുപ്പിന് കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയാണ് രോഗവ്യാപനം. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രതിരോധമരുന്ന് തളിക്കാനാകുന്നുമില്ല.ഇക്കുറി മലയോരത്ത് ഉത്പാദനം കുറഞ്ഞു. മാഹാളി ഉൾപ്പെടെയുള്ള രോഗവും ബാധിക്കുന്നുണ്ട്.മലയോര മേഖലകളിൽ റബർ തോട്ടം വെട്ടിയ സ്ഥലങ്ങളിൽ കമുക് കൃഷി തുടങ്ങിയവർ നിരവധിയാണ്.

 മുൻ വർഷങ്ങളിൽ ഒരു ക്വിന്റൽ മുളക് കിട്ടിയിരുന്നിടത്ത് ഇത്തവണ പകുതി പോലും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു.കുരുമുളകിനും ചുവടുചീയൽ, ഇല രോഗങ്ങൾ തുടങ്ങിയവ ബാധിക്കുന്നു

ഓണം ലക്ഷ്യമാക്കി കർഷകർ ചേന,ചേമ്പ്,കാച്ചിൽ എന്നിവയൊക്കെ കൃഷി ചെയ്യാറുണ്ടെങ്കിലും പന്നികൾ കൃഷി നശിപ്പിക്കുമെന്നതിനാൽ ഇപ്രാവശ്യം കൃഷിയിറക്കിയില്ല