കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ വേണ്ട; പുനഃപരിശോധിക്കണമെന്ന് ഡൽഹി സർക്കാർ
ന്യൂഡൽഹി: പഴയ വാഹനങ്ങൾ നിരത്തിലിറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവ് സാധാരണക്കാരായ വാഹന ഉടമകളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 2018-ലെ സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങളും അനുസരിച്ച്, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കണം.
ഓരോ വാഹനവും എത്രമാത്രം മലിനീകരണം ഉണ്ടാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ശാസ്ത്രീയമായ വിലയിരുത്തൽ നടത്തണം. കാലാവധി നോക്കി വാഹനങ്ങൾ നിരോധിക്കുന്നത് ശരിയല്ല. കൃത്യമായി പരിപാലിക്കുന്ന വാഹന ഉടമകളെ ഈ നിരോധനം ബാധിക്കുന്നു. വാഹനം എത്ര നല്ലരീതിയിൽ പരിപാലിക്കുന്നു എന്നതോ, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുണ്ടോ എന്നതോ പരിഗണിക്കാതെയാണ് നിലവിലെ നിരോധനമെന്നും ഡൽഹി സർക്കാർ പറയുന്നു.
നഗരത്തിലെ വായുവിന്റെ ഗുണനിലവാരം എത്രത്തോളം മെച്ചപ്പെടുത്തുന്നുണ്ടെന്ന് വിലയിരുത്താൻ എയർ ക്വാളിറ്റി മാനേജ്മെന്റിനായുള്ള കമ്മീഷന്റെ ശാസ്ത്രീയ വിശകലനം ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, പഴയ കാറുകൾക്ക് ഇന്ധന നിരോധനം ഏർപ്പെടുത്താനുള്ള ശ്രമം പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹി സർക്കാർ ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.