ഇരിട്ടി മേഖലയിൽ 12 വീടുകൾ തകർന്നു ; ലക്ഷങ്ങളുടെ കൃഷി നാശം
ഇരിട്ടി: കനത്ത മഴയിലും വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റിലും കാറ്റിലും മലയോര മേഖലയിൽ വൻ നാശം. മേഖലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി.200 ഓളം വൈദ്യുതി തൂണുകൾ തകർന്നു. ഗ്രാമങ്ങൾ ഇരുട്ടിലായി. തില്ലങ്കേരിയിൽ 10 വീടുകളും ആറളത്തും ഉളിക്കലിലും ഓരോ വീടുകളുമാണ് ഭാഗികമായി തകർന്നത്.
തില്ലങ്കേരി പഞ്ചായത്തിലെ കാഞ്ഞിരാട്, മച്ചൂർ മല, ആലയാട്, കെ.വി.പുരം, കരുവള്ളി, കുണ്ടേരിഞ്ഞാൽ ഭാഗങ്ങളിലാണ് കാറ്റും മഴയും വൻ നാശം വിതച്ചത്. മേഖലയിൽ നിരവധി വൈദ്യുതി തൂണുകൾ തകർന്നു. വൈദ്യുതി ബന്ധം പാടേ താറുമാറായി. ബി.എസ്.എൻ.എൽ ഫോണുകളും നിശ്ചലമായി.
കെ.വി.പുരത്തെ ചെറോട്ട നിജേഷിന്റെ വീടിന്റെ മുകളിൽ മരം വീണ് സൺഷൈഡ് തകർന്നു. കെ.വി.പുരത്തെ കൂളി ഭാസ്കരൻ, വി.കെ. അശോകൻ, വി.കെ.ബാബു എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. കുണ്ടേരിഞ്ഞാലിലെ പി.വി.പ്രസന്നന്റെ വീടിന്റെ ഷീറ്റ് കാറ്റിൽ തകർന്നു. കുണ്ടേരിഞ്ഞാലിലെ കെ.വിശ്വനാഥൻ്റെ വീടിന്റെ ഒരു ഭാഗം മരം വീണ് തകർന്നു. കരുവള്ളിയിലെ അണിയേരി രാജ്കുമാറിന്റെ വീടിന്റെ ഷീറ്റിട്ട മേൽ കുര കാറ്റിൽ തകർന്നു. കരുവള്ളിയിലെ ബാബു, വികാസ് എന്നിവരുടെ വീടുകളിലെ ഷീറ്റുകളും കാറ്റിൻ പാറി പോയി.
നേരംപോക്ക് നരിക്കുണ്ടം റോഡിൽ പ്രീന നിവാസിൽ കെ.നാരായണന്റെ വീട് മതിലൽ ഇടിഞ്ഞു വീണ് ഭീഷണിയിലായി. വീടിന്റെ അടുക്കളഭാഗത്തെ അടിത്തറ സംരക്ഷണ ഭിത്തിയോടൊപ്പം ഇളകി വീണ് ചുമരിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. മഴ കനത്താൽ മണ്ണിടിച്ചിൽ ഇതിനോട് ചേർന്ന് നിൽക്കുന്ന കിണറിന്റെ ആൾമറ അടക്കം തകർന്നുവീഴാനിടയുണ്ട്.
കുറ്റ്യാടിച്ചാലിലെ ടി.രാഘവന്റെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു. ആലയാട് സി.കൃഷ്ണന്റെ വീട് പൂർണ്ണമായും മരം വീണ് തകർന്നു. കാഞ്ഞിരാട്ടെ ദീപേഷിന്റെ വാഴത്തോട്ടം കനത്ത കാറ്റിൽ നശിച്ചു.നാശം നേരിട്ട പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. രതീഷ്, വില്ലേജ് ഓഫിസർ സി.വി . സുദീപൻ എന്നിവർ സന്ദർശിച്ചു.
ആറളത്തും വൻ നാശം
ആറളം ഫാം ബ്ലോക്ക് പന്ത്രണ്ടിലെ പുഷപവല്ലിയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. വീടിന് സമീപത്ത് നിന്ന കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. മരത്തിന്റെ തായ്ത്തടി വീടിന് മുകളിൽ പതിക്കാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. സംഭവ സമയത്ത് വീടിനുള്ളിൽ പുഷവല്ലിയും ഭർത്താവും വിദ്യാർത്ഥിയായ മകനും ഉറക്കത്തിൽ ആയിരുന്നു. ബ്ലോക്ക് പതിനൊന്നിലെ മോളിയുടെ വീടിന് സമീപത്തെ ചെറിയ പ്ലാവ് കടപുഴകി വീണു. മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി
ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ തരിപ്പേൽ ചന്ദ്രികയുടെ വീട് തെങ്ങുവീണ് ഭാഗികമായി തകർന്നു. കനത്ത മഴയിൽ വീടിനു മുന്നിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
കൂട്ടുപുഴ മാടത്തിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസം
ഇരിട്ടി കൂട്ടുപുഴ സംസ്ഥാന പാതയിലെ മാടത്തിൽ റോഡിൽ വെള്ളംകയറിയതിനെത്തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് മാടത്തിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തായി റോഡിൽ വെള്ളം കയറിയത്. തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ റോഡരികിലെ കുളം നിറഞ്ഞു കവിഞ്ഞതും ഇരു വശങ്ങളിൽ നിന്നും ഒഴുകിയെത്തിയ മഴ വെള്ളവും റോഡിൽ നിറഞ്ഞു കവിയുകയായിരുന്നു. ഇരുവശങ്ങളിലെയും ഓവുചാലുകളും കലുങ്കും അടഞ്ഞു കിടന്നതും റോഡിലേക്ക് വെള്ളം ഇരച്ചു കയറാൻ ഇടയാക്കി. തലശ്ശേരി- കുടക് അന്തർ സംസ്ഥാനപാത ആയതുകൊണ്ട് തന്നെ നിരവധി വാഹനങ്ങൾ ഇരു ഭാഗത്തുമായി കുടുങ്ങികിടന്നു. നാട്ടുകാരും മറ്റും ചേർന്ന് ചെളിയും കാടുകളും മാറ്റി വെള്ളമൊഴുക്കിക്കളഞ്ഞതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.