വിറപ്പിച്ച് മിന്നൽച്ചുഴലി,പേമാരി

Saturday 26 July 2025 9:21 PM IST

വീടിന്റെ മുകളിൽ മരം വീണ് ഗൃഹനാഥൻ മരിച്ചു

ക​ണ്ണൂ​ർ:വെള്ളിയാഴ്ച അ​ർ​ദ്ധ​രാ​ത്രി​യോടെ ആഞ്ഞുവീശിയ മിന്നൽചുഴലിയിലും കനത്ത മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻനാശം.കോളയാട് പഞ്ചായത്തിലെ ചെമ്പുകാവ് തെറ്റുമ്മലിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. മലയോരമേഖലകളിൽ വൻ നാശം വിതച്ച കാറ്റിൽപോസ്റ്റുകളും ലൈനുകളും തകർന്ന് വൈദ്യുതി ബന്ധവും താറുമാറായി. വൻകൃഷിനാശമാണ് മലയോരത്ത് സംഭവിച്ചിരിക്കുന്നത്.

കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മലിലെ എനിയാടൻ വീട്ടിൽ ചന്ദ്രൻ (73) ആണ് ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ മരിച്ചത്.പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.ശക്തമായ കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. ഭാര്യയും മകനും മകളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ചന്ദ്രനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല .തെറ്റുമ്മൽ മാതുവാണ് ചന്ദ്രന്റെ ഭാര്യ. നിഖിൽ. നിഖിഷ എന്നിവർ മക്കളാണ്.

മരിച്ച ചന്ദ്രൻ തമിഴ്നാട് പളനി സ്വദേശിയാണ്. പേരാവൂർ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു നീക്കി. മരം വീണ് വീട് പൂർണ്ണമായും തകർന്നു.

നഗരത്തെയും വിറപ്പിച്ചു

ശക്തമായ കാറ്റിൽ കണ്ണൂർ നഗരത്തിലും മ​ര​ങ്ങ​ൾ വീ​ണ് വ്യാപക നാ​ശ​ന​ഷ്ടമുണ്ടായി. പന്ത്രണ്ടിലധികം ഇടങ്ങളിലാണ് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളെ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യ​ത്.

കണ്ണൂർ സെൻട്രൽ ജയിലിന് സമീപം കൂറ്റൻ തേക്കുമരം ദേശീയപാതയിലേക്ക് മുറിഞ്ഞുവീണു. ഇന്നലെ രാവിലെ 8.10നാണ് അപകടം. അപകടസമയത്ത് ഇതുവഴി വാഹനങ്ങൾ കടന്നുപോകാത്തതിനാൽ ദുരന്തം ഒഴിവായി. മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതിലൈനിന് മുകളിലാണ് മരം വീണത്. കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തത്തി ഒൻപതേ കാലോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വ​ലി​യ​ന്നൂ​ർ മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം , പ​യ്യാ​മ്പലം,വ​ള​പ​ട്ട​ണം ഹൈ​വേ, ചെ​റു​വ​ത്ത​ല​മൊ​ട്ട, പ​ട​ന്ന​പ്പാ​ലം, താ​ണ-​ക​ക്കാ​ട് റോ​ഡ്, ആ​റ്റ​ട​പ്പ,പ​ള്ളി​പ്പൊ​യി​ൽ, താ​ണ, ചി​റ​ക്ക​ൽ, ക​ണ്ണൂ​ർ ട്രാ​ഫി​ക് സ്റ്റേ​ഷ​ന് സ​മീ​പം, പ​ള്ളി​ക്കു​ന്ന് , പള്ളിപ്രം ,കൊറ്റാളി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ പൊ​ട്ടി റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പള്ളിപ്രത്ത് ട്രാൻസ്ഫോർമർ പൊട്ടി റോഡിലേക്ക് പതിച്ചു.അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ​ത്തി മു​റി​ച്ച് മാ​റ്റി​യാ​ണ് റോ​ഡി​ൽ ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.അ​സി.സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​ജാ​ത്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ സി​നോ​ജ്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രാ​യ കെ. ര​ഞ്ജു, റ​സീ​ഫ്, മ​ഹേ​ഷ്, മി​ഥു​ൻ എ​സ്. നാ​യ​ർ, ടി.​എ​സ്.​അ​നൂ​പ്, വി​ഷ്ണു, ആ​ലേ​ഖ്, ന​സീ​ർ, ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത്.

മുണ്ടേരി പഞ്ചായത്തിൽ വീശിയ ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ടു. മുണ്ടേരി കോട്ടം റോഡ് മാടങ്കര വീട്ടിൽ ലക്ഷ്മിയുടെ പറമ്പിലെ തേക്ക് മരം വീണ് വൈദ്യുത പോസ്റ്റ് തകർന്നു. ഇവരുടെ പറമ്പിലെ മറ്റ് നിരവധി മരങ്ങളും മുറിഞ്ഞ് വീണു. കിഴക്കയിൽ ഹൗസിൽ സാവിത്രിയുടെ വീടിന് പുറകിൽ പ്ലാവ് മുറിഞ്ഞു വീണു. കെ.സി ഹൗസിൽ വിമലയുടെ വീട്ടിലെ പുളിമരവും നിരവധി വാഴകളും നിലംപൊത്തി.