വിറപ്പിച്ച് മിന്നൽച്ചുഴലി,പേമാരി
വീടിന്റെ മുകളിൽ മരം വീണ് ഗൃഹനാഥൻ മരിച്ചു
കണ്ണൂർ:വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ആഞ്ഞുവീശിയ മിന്നൽചുഴലിയിലും കനത്ത മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻനാശം.കോളയാട് പഞ്ചായത്തിലെ ചെമ്പുകാവ് തെറ്റുമ്മലിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. മലയോരമേഖലകളിൽ വൻ നാശം വിതച്ച കാറ്റിൽപോസ്റ്റുകളും ലൈനുകളും തകർന്ന് വൈദ്യുതി ബന്ധവും താറുമാറായി. വൻകൃഷിനാശമാണ് മലയോരത്ത് സംഭവിച്ചിരിക്കുന്നത്.
കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മലിലെ എനിയാടൻ വീട്ടിൽ ചന്ദ്രൻ (73) ആണ് ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ മരിച്ചത്.പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.ശക്തമായ കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. ഭാര്യയും മകനും മകളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ചന്ദ്രനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല .തെറ്റുമ്മൽ മാതുവാണ് ചന്ദ്രന്റെ ഭാര്യ. നിഖിൽ. നിഖിഷ എന്നിവർ മക്കളാണ്.
മരിച്ച ചന്ദ്രൻ തമിഴ്നാട് പളനി സ്വദേശിയാണ്. പേരാവൂർ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു നീക്കി. മരം വീണ് വീട് പൂർണ്ണമായും തകർന്നു.
നഗരത്തെയും വിറപ്പിച്ചു
ശക്തമായ കാറ്റിൽ കണ്ണൂർ നഗരത്തിലും മരങ്ങൾ വീണ് വ്യാപക നാശനഷ്ടമുണ്ടായി. പന്ത്രണ്ടിലധികം ഇടങ്ങളിലാണ് അഗ്നിരക്ഷാസേനാംഗങ്ങളെത്തി മരങ്ങൾ മുറിച്ച് നീക്കിയത്.
കണ്ണൂർ സെൻട്രൽ ജയിലിന് സമീപം കൂറ്റൻ തേക്കുമരം ദേശീയപാതയിലേക്ക് മുറിഞ്ഞുവീണു. ഇന്നലെ രാവിലെ 8.10നാണ് അപകടം. അപകടസമയത്ത് ഇതുവഴി വാഹനങ്ങൾ കടന്നുപോകാത്തതിനാൽ ദുരന്തം ഒഴിവായി. മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതിലൈനിന് മുകളിലാണ് മരം വീണത്. കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തത്തി ഒൻപതേ കാലോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വലിയന്നൂർ മുസ്ലിം പള്ളിക്ക് സമീപം , പയ്യാമ്പലം,വളപട്ടണം ഹൈവേ, ചെറുവത്തലമൊട്ട, പടന്നപ്പാലം, താണ-കക്കാട് റോഡ്, ആറ്റടപ്പ,പള്ളിപ്പൊയിൽ, താണ, ചിറക്കൽ, കണ്ണൂർ ട്രാഫിക് സ്റ്റേഷന് സമീപം, പള്ളിക്കുന്ന് , പള്ളിപ്രം ,കൊറ്റാളി എന്നിവിടങ്ങളിൽ മരങ്ങൾ പൊട്ടി റോഡിൽ വീഴുകയായിരുന്നു. പള്ളിപ്രത്ത് ട്രാൻസ്ഫോർമർ പൊട്ടി റോഡിലേക്ക് പതിച്ചു.അഗ്നിശമനസേനാംഗങ്ങളെത്തി മുറിച്ച് മാറ്റിയാണ് റോഡിൽ ഗതാഗത സംവിധാനം ഒരുക്കിയത്.അസി.സ്റ്റേഷൻ ഓഫീസർ സുജാത്, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സിനോജ്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ കെ. രഞ്ജു, റസീഫ്, മഹേഷ്, മിഥുൻ എസ്. നായർ, ടി.എസ്.അനൂപ്, വിഷ്ണു, ആലേഖ്, നസീർ, ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.
മുണ്ടേരി പഞ്ചായത്തിൽ വീശിയ ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ടു. മുണ്ടേരി കോട്ടം റോഡ് മാടങ്കര വീട്ടിൽ ലക്ഷ്മിയുടെ പറമ്പിലെ തേക്ക് മരം വീണ് വൈദ്യുത പോസ്റ്റ് തകർന്നു. ഇവരുടെ പറമ്പിലെ മറ്റ് നിരവധി മരങ്ങളും മുറിഞ്ഞ് വീണു. കിഴക്കയിൽ ഹൗസിൽ സാവിത്രിയുടെ വീടിന് പുറകിൽ പ്ലാവ് മുറിഞ്ഞു വീണു. കെ.സി ഹൗസിൽ വിമലയുടെ വീട്ടിലെ പുളിമരവും നിരവധി വാഴകളും നിലംപൊത്തി.